ADVERTISEMENT

കോഴിക്കോട് ∙ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ കമ്യൂട്ടേഷൻ കണക്കാക്കുന്നതിനുള്ള കമ്യൂട്ടേഷൻ ഫാക്ടർ കാലാനുസൃതമായി പരിഷ്കരിക്കാത്തതു മൂലം പെൻഷൻകാർക്കു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുന്നതായി പരാതി. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ കാലാകാലങ്ങളി‍ൽ പുറത്തിറക്കുന്ന മോർട്ടാലിറ്റി ടേബിൾ പ്രകാരം ഓരോ പ്രായത്തിലെയും മരണനിരക്കും രാജ്യത്തെ പലിശനിരക്കുകളും മാനദണ്ഡമാക്കി എൽഐസി തയാറാക്കുന്ന പട്ടിക ഉപയോഗിച്ചാണ് പെൻഷൻ കമ്യൂട്ടേഷൻ തുക കണക്കാക്കുന്നത്. 2006 ജനുവരി മുതൽ പ്രാബല്യത്തിലുള്ള പട്ടിക പ്രകാരമാണ് ഇപ്പോഴും ഇതു കണക്കാക്കുന്നത്. അതേസമയം, എൽഐസി ജീവനക്കാർക്ക് പിന്നീടു പുതുക്കിയ പട്ടിക പ്രകാരം കമ്യൂട്ടേഷൻ അനുവദിക്കുന്നുണ്ട്. 

60 വയസ്സിൽ വിരമിക്കുന്ന കേന്ദ്ര ജീവനക്കാരന്റെ കമ്യൂട്ടേഷൻ ഫാക്ടർ നിലവിൽ 8.194 ആണ്. പുതുക്കിയ പട്ടിക പ്രകാരം ഇത് 9.81 ആയി ഉയരേണ്ടതാണ്. കമ്യൂട്ടേഷൻ ഫാക്ടർ സൂചിപ്പിക്കുന്നത് വർഷത്തെയാണ്. 
കമ്യൂട്ടേഷൻ കണക്കിലെ നഷ്ടം എങ്ങനെ? 
ലഭിക്കാനുള്ള പ്രതിമാസ പെൻഷന്റെ 40% തുക 8.194 വർഷത്തേക്കു കണക്കാക്കി ഒന്നിച്ചു നൽകുന്നതാണ് കേന്ദ്ര പെൻഷൻ കമ്യൂട്ടേഷൻ. ഉദാഹരണത്തിന് 40,000 രൂപ പെൻഷന് അർഹതയുള്ളയാളുടെ കമ്യൂട്ടേഷൻ തുക 15,73,248 രൂപയായിരിക്കും. (16,000 X 8.194 X 12 മാസം). 

പുതുക്കിയ കമ്യൂട്ടേഷൻ ഫാക്ടർ പ്രകാരമാണെങ്കിൽ ഇത് 9.81 വർഷത്തേക്ക് 18,83,520 രൂപയായി ഉയരേണ്ടതാണ് (16,000 X 9.81 X 12). ഫലത്തിൽ 40,000 രൂപ പെൻഷനുള്ള കേന്ദ്ര ജീവനക്കാരന് കമ്യൂട്ടേഷനിൽ വരുന്ന നഷ്ടം 3,10,272 രൂപ. 

കമ്യൂട്ടേഷൻ സ്വീകരിച്ചുകഴിഞ്ഞാൽ 40,000 രൂപ പെൻഷൻ 40% കുറഞ്ഞ് പ്രതിമാസം 24,000 ആയി മാറും. 15 വർഷം കഴിയുമ്പോഴാണു പൂർണ പെൻഷൻ പുനഃസ്ഥാപിക്കുക. അതായത്, 15 വർഷം കൊണ്ട് പെൻഷനിൽ കുറവു വരുന്ന തുക 28.8 ലക്ഷം രൂപ (16,000 X 15 X 12). ഒന്നിച്ച് 15.73 ലക്ഷം രൂപ ലഭിച്ചത് പ്രതിമാസം 16,000 രൂപ വീതം 15 വർഷം തിരിച്ചടയ്ക്കുന്നതിനു തുല്യം. ഇത് 9.05% പലിശയ്ക്ക് വായ്പയെടുക്കുന്നതിനു തുല്യമാണ്. പുതിയ കമ്യൂട്ടേഷൻ ഫാക്ടർ ഉപയോഗിച്ചാലും തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയിൽ മാറ്റമില്ല. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് 2019 ഏപ്രിൽ ഒന്നിനു പുതിയ മോർട്ടാലിറ്റി ടേബിൾ പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം കമ്യൂട്ടേഷൻ ഫാക്ടർ വീണ്ടും ഉയരേണ്ടതാണ്. കമ്യൂട്ടേഷൻ ടേബിൾ കാലാനുസൃതമായി പുതുക്കണമെന്നും കമ്യൂട്ടേഷൻ തുകയുടെ തിരിച്ചടവ് കമ്യൂട്ടേഷൻ അനുവദിക്കുന്ന വർഷത്തിന് ആനുപാതികമായി കുറയ്ക്കണമെന്നുമാണ് പെൻഷൻകാരുടെ ആവശ്യം. 

English Summary:

Irregularity in commutation factor; Central pensioners lose lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com