ADVERTISEMENT

അങ്കമാലി ∙ കറുകുറ്റിയിൽ അഡ്‌ലക്സ് കൺവൻഷൻ സെന്ററിന് എതിർവശത്ത് തീപിടിച്ച ന്യു ഇയർ ഗ്രൂപ്പിന്റെ മൂന്നുനില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയയാൾ മരിച്ചു. കരയാംപറമ്പ് പള്ളിക്കു സമീപം പേൾപാർക്ക് വില്ലയിൽ താമസിക്കുന്ന കണ്ണൂർ തലശേരി കൊയ്‌ലോത്ത് കെ.എ.ബാബു (58) ആണ് മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബാബുവിന്റെ സഹോദരന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി അങ്കമാലി കിടങ്ങൂർ എസ്എൻഡിപി യോഗം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഷീല. 

ട്രേഡ് മാർക്ക് കൺസൽറ്റന്റായി ജോലി ചെയ്യുന്ന ബാബുവും ഭാര്യയും 5 വർഷം മുൻപാണു കറുകുറ്റിയിൽ  താമസം തുടങ്ങിയത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ബാബു ന്യു ഇയർ ഗ്രൂപ്പ് കമ്പനിയിൽ എത്തിയത്. തീപിടിച്ച കെട്ടിടത്തിലെ ഭൂരിഭാഗം മുറികളും ബയോ മെട്രിക് സംവിധാനം ഉപയോഗിച്ച് തുറക്കുന്നതായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും മുറിയിൽ അകപ്പെട്ടതാകാം മരണത്തിന് ഇടയാക്കിയതെന്നാണു നിഗമനം. ജീവനക്കാരുടെ വിരലടയാളം ഉപയോഗിച്ചു മാത്രം തുറക്കുന്ന മുറികളിൽ നിന്നു മറ്റൊരാൾക്കു പുറത്തു കടക്കുക അസാധ്യമാണ്. 

കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മധ്യഭാഗത്തു നിന്ന് തീപിടിത്തം നടന്ന രാത്രി 12 മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. ബാബു ഓഫിസിൽ എത്തിയതായി കെട്ടിടത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും അറിയിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തെങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹത്തിൽ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിൾ ബാബുവിന്റെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകളുമായി ഒത്തുനോക്കും. 

തീപിടിത്തം നടക്കുമ്പോൾ ബാബു ജീവനക്കാരുമായി മുറിയിൽ സംസാരിക്കുകയായിരുന്നു. താഴെ നിന്നു പുക ഉയരുന്നതു കണ്ട് അന്വേഷിക്കാൻ ജീവനക്കാർ പോയി. എന്നാൽ പെട്ടെന്നു തന്നെ തീ പടർന്നുപിടിച്ചു. മുറിയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനായി 2 ജീവനക്കാർ കയറിച്ചെന്നെങ്കിലും തീയും പുകയും കാരണം അടുത്തേക്ക് എത്താനായില്ല. 

കെട്ടിടത്തിന്റെ പോർച്ചിന്റെ ഭാഗത്താണ് ആദ്യം തീ കണ്ടത്. എളുപ്പത്തിൽ തീപിടിക്കുന്ന ചകിരി ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ട് സീലിങ്ങും മറ്റും അലങ്കരിച്ചിരുന്നു. തീപിടിച്ച് ഈ ഭാഗം താഴേക്ക് അമർന്നതിനാൽ മുൻഭാഗത്തു കൂടി രക്ഷപ്പെടാനായില്ല. എമർജൻസി ഗോവണി വഴിയാണ് ജീവനക്കാർ രക്ഷപ്പെട്ടത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ വൻതോതിൽ പടർന്നു. അങ്കമാലിയിലെയും പെരുമ്പാവൂരിലെയും ഫയർഫോഴ്സ് യൂണിറ്റുകൾ അങ്കമാലിയിലെ ഗതാഗതക്കുരുക്കിൽ പെടുകയും ചെയ്തു. 

ആലുവ, പുതുക്കാട്, മാള, പറവൂർ, ഗാന്ധിനഗർ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 13 അഗ്നിശമന യന്ത്രങ്ങൾ 8 മണിക്കൂറോളം പരിശ്രമിച്ചാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ തീ കെടുത്താനായത്. എന്നാൽ പുലർച്ചെ 4.30ന് വീണ്ടും തീ കണ്ടു. വീണ്ടും ഫയർഫോഴ്സെത്തി അണച്ചു. അപ്പോളോ ആശുപത്രിയുടെ ടാങ്കിൽ നിന്നാണു ഫയർഫോഴ്സ് യൂണിറ്റിന് ആവശ്യമായ വെള്ളം ശേഖരിച്ചത്. റീജനൽ ഫയർ ഓഫിസർ ജെ.എസ്.സുജിത്കുമാർ, ജില്ലാ ഫയർ ഓഫിസർ കെ.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫൊറൻസിക് വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും പരിശോധനകൾക്കു ശേഷമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

English Summary:

Massive fire in Karukutty person trapped in burning building has died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com