ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെ ഗൗഡയുമായുളള ബന്ധം പൊട്ടിച്ചെറിയാൻ ജനതാദൾ–എസ് (ജെഡിഎസ്) കേരള ഘടകത്തിൽ വൻ സമ്മർദം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ സന്ദർശിക്കുകയും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം  സ്വീകരിക്കുകയും ചെയ്തതോടെ  കേരള നേതൃത്വത്തോടു സൗമനസ്യം കാട്ടി വന്ന സിപിഎമ്മും വെട്ടിലായി.

പ്രതിസന്ധി  ചർച്ച ചെയ്യാനായി ജെഡിഎസ് സംസ്ഥാന നേതൃയോഗം ഇന്നു തലസ്ഥാനത്തു വിളിച്ചു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് രാവിലെ 11ന് ചേരുന്നത്.

ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചെങ്കിലും അദ്ദേഹം പ്രസിഡന്റായ പാർട്ടിയുടെ കേരള ഘടകമായിട്ടാണ് ജെഡിഎസ് ഇവിടെ തുടരുന്നത്. ബിജെപിയുടെ സഖ്യകക്ഷി എൽഡിഎഫിലും എൽഡിഎഫ് മന്ത്രിസഭയിലും തുടരുന്നത് മുന്നണിയിൽ നീറി നിൽക്കുകയാണെങ്കിലും  കേരള നേതൃത്വത്തിനു  സാവകാശം നൽകുന്ന അയഞ്ഞ സമീപനമായിരുന്നു സിപിഎമ്മിന്റേത്. 

എന്നാൽ നവകേരള സദസ്സ്  കൂടി കഴിഞ്ഞതോടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിൽ ഖണ്ഡിതമായ തീരുമാനം എടുത്തേ തീരൂവെന്ന സമ്മർദം ജെഡിഎസിനുള്ളിലും  മുന്നണിയിലും ശക്തമായി. സിപിഎമ്മിന്റെ പല ജില്ലാ കമ്മിറ്റികളും ജെഡിഎസ് തീരുമാനം വൈകുന്നതിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

ഗൗഡയുമായുള്ള രാഷ്ട്രീയ –സംഘടനാ ബന്ധം ഉപേക്ഷിച്ച് ‘കേരള ജനതാദൾ (സെക്കുലർ)’ എന്ന പേരിൽ പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഒടുവിൽ നിലപാട് എടുത്തു. സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള മറ്റേതെങ്കിലും പാർട്ടിയുടെ ഭാഗമാകണമെന്നാണ്  ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മത്സരിച്ചു ജയിച്ച പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിൽ ചേർന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത വരാമെന്ന ആശങ്കയിൽ തുടരുകയാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്. ഗൗഡ നൽകിയ ദേശീയ ഭാരവാഹിത്വം ഉപേക്ഷിക്കണമെന്ന സമ്മർദം  ആ പദവി വഹിക്കുന്ന കേരള നേതാക്കളുടെ മേൽ ശക്തമായി.

 യോഗത്തിന്റെ തീരുമാനമെന്തായാലും ദേശീയ ജനറൽ സെക്രട്ടറി ജോസ് തെറ്റയിൽ ആ പദവി വേണ്ടെന്നു വച്ചേക്കും. ഗൗഡ ബന്ധം തുടരുന്നതിലെ അതൃപ്തി പരസ്യമാക്കി ദേശീയ തലത്തിൽ വിമത കക്ഷി രൂപീകരിച്ച മുതിർന്ന നേതാവ്   സി.കെ.നാണുവിനെ എങ്ങനെ തള്ളിപ്പറയും എന്ന പ്രശ്നവും ഇന്നത്തെ യോഗത്തിനു മുന്നിലുണ്ടാകും.

English Summary:

PM Narendra Modi meets former PM, HD Deva Gowda, Issues in Kerala JDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com