സ്വദേശാഭിമാനത്തിന്റെ ‘ഉടമ’;വക്കം അബ്ദുൽ ഖാദർ മൗലവിയുടെ 150–ാം ജന്മവാർഷികം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ വക്കം വെറുമൊരു നാട്ടുപേരായിരുന്നു, ഒന്നര നൂറ്റാണ്ടു മുൻപു വരെ. വക്കം അബ്ദുൽ ഖാദർ മൗലവി എന്ന നവോത്ഥാന നായകൻ ആ മണ്ണിൽ ജനിച്ചിട്ട് ഇന്ന് 150 വർഷം തികയുന്നു. അധികാരകേന്ദ്രങ്ങളെ ഭയക്കാതെ വിമർശിച്ചതിന്റെ പേരിൽ തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടിയ ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമയുടെ നൂറ്റൻപതാം ജന്മവാർഷികത്തിലും മാറ്റമില്ലാത്തത് അദ്ദേഹത്തിന്റെ പിൻഗാമികളായ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നേരെയുള്ള അധികാര കേന്ദ്രങ്ങളുടെ നടപടികൾ മാത്രം.
ചിറയിൻകീഴ് താലൂക്കിലെ വക്കത്ത് സമ്പന്നകുടുംബമായ പൂന്ത്രാംവിളാകം വീട്ടിലാണ് 1873 ഡിസംബർ 28ന് വക്കം മൗലവി ജനിച്ചത്. അതേ വർഷം തൊട്ടടുത്ത കായിക്കര ഗ്രാമത്തിൽ ജനിച്ച കുമാരനാശാനെപ്പോലെ മൗലവിയെയും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ആകർഷിച്ചു. വിദ്യ കൊണ്ട് പ്രബുദ്ധരാകണം എന്ന ഗുരുസന്ദേശം അദ്ദേഹം ഏറ്റെടുത്തു.
1905ൽ 12,000 രൂപ ചെലവഴിച്ച് ഇംഗ്ലണ്ടിൽനിന്ന് അച്ചുക്കൂടം എത്തിച്ച് അഞ്ചുതെങ്ങിൽ സ്വദേശാഭിമാനി പത്രം തുടങ്ങി. അടുത്ത വർഷം വക്കത്തേക്കും പിന്നീടു തിരുവനന്തപുരത്തേക്കും സ്വദേശാഭിമാനിയുടെ കേന്ദ്രം മാറി. 1906ൽ കെ.രാമകൃഷ്ണപിള്ള പത്രാധിപരായി എത്തിയതോടെ സർക്കാരിലെ അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം ആരംഭിച്ചു. സർവപിന്തുണയും നൽകി മൗലവി ഒപ്പം നിന്നു. ഉന്നതരുടെ അഴിമതിയെപ്പറ്റി നിരന്തരം എഴുതിയതോടെ 1910 സെപ്റ്റംബറിൽ പത്രം കണ്ടുകെട്ടി, പത്രാധിപർ രാമകൃഷ്ണപിള്ളയെ നാടു കടത്തി.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ദേശീയ പ്രസ്ഥാനത്തിനു പിന്തുണയുമായി 1925ൽ അദ്ദേഹം തിരുവനന്തപുരത്തു വച്ചു മഹാത്മാഗാന്ധിയെ കണ്ടു. 1921ൽ ഒറ്റപ്പാലത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിലും മൗലവി പങ്കെടുത്തു.
ചിതറി നിന്ന മുസ്‌ലിം സംഘടനകളെ ഒന്നിപ്പിക്കാൻ മൗലവി പരിശ്രമിച്ചു. അതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചത്. തിരുവിതാംകൂറിലെ സ്കൂളുകളിൽ അറബിക് മുൻഷിമാരെ നിയമിക്കാനുള്ള തീരുമാനത്തിനു കാരണമായതും മൗലവിയുടെ ഇടപെടലാണ്.
വക്കം എന്ന വാക്കിനു വലിയ അർഥങ്ങൾ നൽകിയ മൗലവി 1932 ഒക്ടോബർ 31ന് അന്തരിച്ചു. തിരുവിതാംകൂർ സർക്കാർ കണ്ടുകെട്ടി പൂജപ്പുര സെൻട്രൽ ജയിലിൽ ‘തടവിൽ’ സൂക്ഷിച്ചിരുന്ന സ്വദേശാഭിമാനി അച്ചുക്കൂടം 1958 ലെ റിപ്പബ്ലിക് ദിനത്തിൽ ഇഎംഎസ് സർക്കാരാണ് മോചിപ്പിച്ചത്.
വക്കം മൗലവിയുടെപ്രസിദ്ധീകരണങ്ങൾ
‘സ്വദേശാഭിമാനി’ പത്രം (1905), ‘മുസ്‌ലിം’ മാസിക (1906), ‘അൽ ഇസ്‌ലാം’ മാസിക (1918), ദീപിക (1931)