ADVERTISEMENT

ആലപ്പുഴ∙ എൻസിപിയുടെ മന്ത്രിസ്ഥാനം പങ്കിടാൻ ദേശീയ നേതൃത്വം ഇടപെട്ടു ധാരണയുണ്ടാക്കിയിരുന്നെന്നും അതു നടപ്പാക്കണമെന്നും തോമസ് കെ.തോമസ് എംഎൽഎ. മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും താൻ കത്തു നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അങ്ങനെയൊരു തീരുമാനമില്ലെന്നും തോമസിനു മന്ത്രിയാകാൻ ആഗ്രഹമുണ്ടെങ്കിൽ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ പറയട്ടെയെന്നും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പ്രതികരിച്ചു.

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും എൽഡിഎഫിലെ ധാരണ പ്രകാരം സ്ഥാനമൊഴിഞ്ഞു കെ.ബി.ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും അവസരം ഒരുക്കിയതിന്റെ പശ്ചാത്തലത്തിലാണു തോമസ് കെ.തോമസിന്റെ അവകാശവാദം. അതു നടക്കാൻ സാധ്യതയില്ലെന്നാണ് എൻസിപി നേതൃത്വം സൂചിപ്പിച്ചത്.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനത്തിന്റെ പേരിൽ തർക്കമുണ്ടായെന്നും ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശപ്രകാരം ഇവിടെയെത്തിയ പ്രഫുൽ പട്ടേൽ നടത്തിയ ചർച്ചയിലാണു വീതംവയ്ക്കാൻ തീരുമാനിച്ചതെന്നും തോമസ് കെ.തോമസ് അവകാശപ്പെട്ടു. ‘‘എ.കെ.ശശീന്ദ്രനും ഞാനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടട്ടെ എന്നു ധാരണയായി. അന്നത്തെ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെയും എൻ.എ.മുഹമ്മദ് കുട്ടിയുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടപ്പോഴും ഇക്കാര്യം പവാർ പറഞ്ഞു. പി.സി.ചാക്കോയും അപ്പോൾ ഉണ്ടായിരുന്നു’’– തോമസ് പറഞ്ഞു.

അതേസമയം, മുൻപു പാർട്ടിക്കുള്ളിൽ അങ്ങനെ ചർച്ച നടന്നിട്ടുണ്ടോ എന്നു തനിക്കറിയില്ലെന്നു പി.സി.ചാക്കോ പറഞ്ഞു. മന്ത്രി മാറുമെന്ന മട്ടിൽ ഇടയ്ക്കിടെ വാർത്ത വരുന്നതു പാർട്ടിക്കു ക്ഷീണമാണെന്നും മന്ത്രിയാകാൻ താൽപര്യമുണ്ടെങ്കിൽ സംസ്ഥാന എക്സിക്യൂട്ടീവിൽ പറയണമെന്നും തോമസിനോടു നിർദേശിച്ചിരുന്നു. അദ്ദേഹത്തിന് അതു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. പാർട്ടി വേദികളിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. ശരദ് പവാറിനോടു ചോദിച്ചപ്പോൾ, അങ്ങനെ തീരുമാനമില്ലെന്നും തോമസ് ആഗ്രഹം പറഞ്ഞപ്പോൾ പിന്നീട് ആലോചിക്കാമെന്നാണ് അറിയിച്ചതെന്നും പവാർ പറഞ്ഞു. തോമസിന്റെ സാന്നിധ്യത്തിലാണ് അതു പറഞ്ഞത്. മന്ത്രിയെ മാറ്റണമെങ്കിൽ പാർട്ടി അധ്യക്ഷൻ എൽഡിഎഫിനു കത്തു നൽകണം. അങ്ങനെ ചെയ്യാൻ ദേശീയ നേതൃത്വം തന്നോടു പറഞ്ഞിട്ടില്ല. എൻ.എ.മുഹമ്മദ് കുട്ടിയൊന്നും ഇത്തരം ചർച്ചകളിൽ ഉണ്ടാകില്ല. അദ്ദേഹത്തെ നേരത്തേ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നും ചാക്കോ പറഞ്ഞു.

English Summary:

NCP minstership must be shared says Thomas K Thomas MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com