ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടുത്തവർഷം പ്രവർത്തനം തുടങ്ങാനിരിക്കെ, തുറമുഖ വകുപ്പു സിപിഎം ഏറ്റെടുത്തു. ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലിന്റെ വകുപ്പുകൾ, പകരം മന്ത്രിയായ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകുമെന്നാണു കരുതപ്പെട്ടിരുന്നത്. അപ്രതീക്ഷിത നീക്കത്തിലൂടെ സഹകരണ മന്ത്രി വി.എൻ.വാസവനെ മുഖ്യമന്ത്രി തുറമുഖ വകുപ്പ് ഏൽപിച്ചു.

വാസവൻ ഭരിച്ചിരുന്ന റജിസ്ട്രേഷൻ, അഹമ്മദ് ദേവർകോവിലിന്റെ മ്യൂസിയം, പുരാവസ്തു എന്നീ വകുപ്പുകൾ കടന്നപ്പള്ളിക്കു നൽകി. സിപിഎമ്മിന്റെ കയ്യിലുള്ള സിനിമാ വകുപ്പു കൂടി വേണമെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആവശ്യം നിരസിച്ചു. ഗണേഷിനു ഗതാഗതവും മോട്ടർ വാഹനവകുപ്പും മാത്രം. ഇരുമന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ പ്രത്യേകം തയാറാക്കിയ പന്തലിലെ വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം മേയിൽ കമ്മിഷൻ ചെയ്യാനിരിക്കെ, വകുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സിപിഎം ഏറ്റെടുക്കുന്നത്. അദാനി പോർട്സ് 9700 കോടി രൂപ മുടക്കി രണ്ടാംഘട്ടത്തിന്റെ നിർമാണവും തുടങ്ങാനിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ അവകാശപ്പെടുന്ന ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതി എന്ന പ്രാധാന്യവും തുറമുഖത്തിനുണ്ട്. 

തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ എതിർപ്പ് ബാക്കിനിൽക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി സർക്കാർ ഇനിയും 2600 കോടി രൂപ നൽകാനുണ്ട്. കടന്നപ്പള്ളിയുടെ പാർട്ടി സമ്മർദ ശക്തിയല്ലാത്തതിനാൽ എതിർപ്പുയരില്ലെന്നും സിപിഎം കണക്കുകൂട്ടി.

മുഖംകൊടുക്കാതെ മുഖ്യമന്ത്രിയും ഗവർണറും

സത്യപ്രതിജ്ഞാ വേദിയിൽ അടുത്തിരുന്നിട്ടും മുഖത്തു നോക്കുകയോ ചിരിക്കുകയോ ചെയ്യാതെ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നീരസം പ്രകടമാക്കി. ചടങ്ങ് കഴിഞ്ഞയുടൻ മുഖം കടുപ്പിച്ച് ഗവർണർ വേദി വിട്ടപ്പോൾ, രാജ്ഭവനിലെ ചായസൽക്കാരം മുഖ്യമന്ത്രി ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാർ, എ.കെ.ശശീന്ദ്രൻ എന്നിവർ ഒഴികെ ഒരു മന്ത്രിയും ഗവർണറുടെ ചായ കുടിക്കാൻ നിന്നില്ല. ഗവർണറാകട്ടെ, ചടങ്ങിനെത്തിയ ഘടകകക്ഷി പ്രവർത്തകർ അടക്കം എല്ലാവർക്കും പതിവില്ലാതെ ചായ വിളമ്പുകയും ചെയ്തു.

വൈകിട്ടു നാലിനു നിശ്ചയിച്ച സത്യപ്രതിജ്ഞയ്ക്ക് 3.55നു ഗവർണർ വേദിയിലെത്തി, ഒപ്പം മുഖ്യമന്ത്രിയും. പരസ്പരം നോക്കാതിരിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. ഗവർണറാകട്ടെ പലപ്പോഴും മുഖ്യമന്ത്രിക്ക് എതിർ ദിശയിലേക്കു തലതിരിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ മന്ത്രിമാർക്കു പൂച്ചെണ്ടു നൽകിയപ്പോഴും ഗവർണർ ഗൗരവം വിട്ടില്ല. 4.06നു ചടങ്ങു പൂർത്തിയാക്കി ഗവർണർ വേദിവിട്ടു. പിന്നാലെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കും.

മന്ത്രിമാരുടെ വകുപ്പുകൾ: വി‍ജ്ഞാപനമായി

തിരുവനന്തപുരം ∙ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കും റജിസ്ട്രേഷൻ വകുപ്പ് മാറ്റിയ മന്ത്രി വി.എൻ.വാസവനും അനുവദിച്ച വകുപ്പുകൾ സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 

രാമചന്ദ്രൻ കടന്നപ്പള്ളി – റജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ.

കെ.ബി.ഗണേഷ് കുമാർ– ട്രാൻസ്പോർട്ട്, ജല ഗതാഗതം, മോട്ടർ വാഹനം.

വി.എ‍ൻ.വാസവൻ– തുറമുഖം, സഹകരണം

English Summary:

Ramachandran Kadannappally and KB Ganesh Kumar takes oath as ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com