ADVERTISEMENT

ഇവർ രണ്ടുപേരും ചോദ്യങ്ങളാണ്. നാടാണ് ഉത്തരമാകേണ്ടത്. ഒരാൾക്ക് പേരില്ല. വണ്ടിപ്പെരിയാറിൽ ഒരു നരാധമൻ പിച്ചിച്ചീന്തിയ ആറു വയസ്സുകാരിയുടെ അമ്മ. പെൺമക്കളുള്ള എല്ലാവരുടെയും പ്രതിനിധി. മറ്റേയാൾ അടിമാലി ഇരുന്നൂറേക്കർ പാറയിൽ മറിയക്കുട്ടി (87). രണ്ടുപേരും നീതിക്കായി ദാഹിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നവർ. ഒരാൾ നിശ്ശബ്ദമായി കരയുന്നു. മറിയക്കുട്ടിയാകട്ടെ നല്ല വെട്ടത്തു നിന്ന് സമൂഹം ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ ഉറക്കെയുറക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും ഉത്തരം മുട്ടുന്ന അധികൃതർ ഇവരുടെ പ്രായത്തെപ്പോലും മറന്ന് കൊഞ്ഞനംകുത്തുകയാണ്. 

കുഞ്ഞിന്റെ ഘാതകനെ ശിക്ഷിക്കണമെന്ന ആവശ്യവുമായി വണ്ടിപ്പെരിയാറിലെ അമ്മയും കുടിശിക തീർത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടിയും ഹൈക്കോടതിയെ സമീപിക്കുമ്പോൾ ജനമനസ്സിലെ നീതിയുടെ തുലാസ് എവിടേക്കാവും താഴുക. പോയ വർഷത്തെ കേൾക്കേണ്ട ശബ്ദമായും പുതുവർഷത്തിൽ തിരുത്തൽ ശബ്ദമായും ഇവരുടെ വാക്കുകൾ ഇതാ...

‘ഒരു പാർട്ടീം എനിക്ക് വളയൊന്നും ഇട്ടിട്ടില്ലല്ലോ’ !

അടിമാലി ∙ ‘‘കാശിനല്ല, പാവങ്ങളെ രക്ഷിക്കാനാ പണ്ടും കോടതിയിൽ പോയത്. ഇനിയും പോകും”-അടിമാലി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോ (87) തീർത്തു പറഞ്ഞു. തനിക്ക് ധാരാളം ഭൂസ്വത്തുണ്ടെന്നും രണ്ടു നില വീടുണ്ടെന്നും മക്കൾ വിദേശത്താണെന്നും പ്രചരിപ്പിച്ചതിനെതിരെ അടിമാലി കോടതിയിൽ നൽകിയ മാനനഷ്ടക്കേസ് കേസ് പിൻവലിച്ചാൽ 20 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനവുമായി കോട്ടയത്തു നിന്ന് ചിലർ വന്നിരുന്നതായും മറിയക്കുട്ടി പറഞ്ഞു. 

‘‘20 ലക്ഷം എന്നു കേട്ടാൽ ചാടി വീഴുമെന്നാ അവർ വിചാരിച്ചത്. അതു കിട്ടിയാൽ പെട്ടിയിൽ വയ്ക്കാനല്ലേ പറ്റൂ.  എന്നാൽ  ഞാൻ പറയുന്ന ഭാഗം ജയിക്കണം എന്നാണ് എന്റെ വാശി. അങ്ങനെ ആഗ്രഹിക്കാൻ പറ്റില്ലേ, അതിൽ തെറ്റുണ്ടോ”- മജിസ്ട്രേട്ട് മറിയക്കുട്ടിയെന്നു നാട്ടുകാർ വിളിക്കുന്ന, കുഞ്ഞിപ്പെണ്ണേയെന്ന് ചിലരെങ്കിലും അടുപ്പത്തോടെ വിളിക്കുന്ന മറിയക്കുട്ടി തന്റെ ഭാഗം വ്യക്തമാക്കി. 

ആരാണ് മജിസ്ട്രേട്ട് മറിയക്കുട്ടി എന്ന് ആദ്യം വിളിച്ചത്?

അടിമാലിയിലെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു ഫിലിപ്പ്. 

കോടതിയിൽ സാക്ഷി പറയാൻ പോയി ജയിപ്പിച്ച കേസ്?

മാങ്കടവിൽ മൂന്നുകണ്ടംകാരുടെ ഭൂമി ഒരുകൂട്ടർ കയ്യേറി. എതിർകക്ഷികൾ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസെടുത്ത് വസ്തു ഉടമയെയും  മകനെയും പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചു. വസ്തുവിന്റെ യഥാർഥ അവകാശിയെയാണ് തല്ലിച്ചതച്ചത് എന്നോർക്കണം. ഞാൻ ഇടപെട്ട് ദേവികുളം കോടതിയിൽ കേസ് കൊടുപ്പിച്ചു. ഞങ്ങൾക്ക് അനുകൂലമായാണു വിധി വന്നത്. അവരെയും കൊണ്ടാണു ഞാൻ തിരികെ വന്നത്. 

പെൻഷൻ കിട്ടാതിരുന്നപ്പോൾ ചട്ടിയുമായി സമരം ചെയ്യാൻ ആരെങ്കിലും ഉപദേശിച്ചോ?

സ്വയം തോന്നി ചെയ്തതാ. എല്ലാം കണ്ടും കേട്ടുമല്ലേ ഞാനിരിക്കുന്നത്. സ്കൂളിൽ നിന്നു പഠിക്കുന്നതു മാത്രമല്ലല്ലോ വിദ്യാഭ്യാസം.

പറഞ്ഞതിൽ എന്തെങ്കിലും തെറ്റിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ ?

ഉണ്ട്. ബിജെപി ഭരണം വരണം എന്ന് തൃശൂരിൽ പറഞ്ഞത്. സുരേഷ് ഗോപിയോട് വ്യക്തിപരമായി നല്ല ഇഷ്ടമാണ്. അദ്ദേഹം വരണമെന്നാണ് ഉദ്ദേശിച്ചത്. അല്ലെങ്കിലും ഒരു പാർട്ടീം എനിക്ക് വളയൊന്നും ഇട്ടിട്ടില്ലല്ലോ.

പിണറായി വിജയനോട് എന്താണ് ഇത്ര ദേഷ്യം?

നാടുമുഴുവൻ ഈ വിനോദയാത്ര നടത്തിയല്ലോ. ആർക്കെങ്കിലും അഞ്ചുപൈസയുടെ പ്രയോജനം കിട്ടിയോ? വണ്ടിപ്പെരിയാറിലെ ആ കുഞ്ഞിന് നീതി കിട്ടിയോ. അവൾ നമ്മുടെയെല്ലാം കുഞ്ഞല്ലേ.

ഒരു ദിവസത്തേക്കു മുഖ്യമന്ത്രിയായാൽ എന്തു ചെയ്യും?

അങ്ങനെയൊരു ആഗ്രഹമേ ഇല്ല. അറിവുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരു കയറട്ടെ. അവരുടെ പിന്നിൽ നിന്ന് ബലം കൊടുക്കുകയല്ലേ വേണ്ടത്.

അടുത്തിടെ ഏറ്റവും ദേഷ്യം തോന്നിയ വാർത്ത ഏതാണ്?

ചെറുപ്പക്കാരെ ചെടിച്ചട്ടീം ഹെൽമറ്റുമെല്ലാം കൊണ്ട് അടിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. ജയരാജനൊക്കെ അതിനെ പിന്തുണയ്ക്കുന്നതു കണ്ടു. അങ്ങേര് വിമാനത്തിൽ വച്ച് കാണിച്ചതെല്ലാം നാട്ടുകാരു കണ്ടതാ. വിമാനത്തെ പ്രാകിയതു കണ്ടപ്പോൾ ഇനി അത് ഗുണംപിടിക്കില്ലെന്നാ ഞാൻ വിചാരിച്ചേ. എന്നാൽ പിന്നീട് നോക്കിയപ്പോൾ പഴയതിനെക്കാൾ ആളുകൾ അതിൽ പോകുന്നതാ കണ്ടത്.

ദിനചര്യ, രോഗങ്ങൾ...

പ്രഷറും ഷുഗറുമൊന്നുമില്ല. രാത്രി ഒന്നര വരെ ടിവി കാണും. രാവിലെ എട്ടുമണിക്കേ എഴുന്നേൽക്കൂ. കട്ടൻചായ കുടിക്കും. പിന്നീട് പുറത്തു പോയി ഒരു ഉഴുന്നു വടേം ചായയും കഴിക്കും. ഉറങ്ങും മുൻപ് ബൈബിൾ വായിച്ചിരിക്കും. 

മക്കൾ?

നാലു പെൺമക്കൾ. സാലി- ഡൽഹി, ശാന്ത-പനമരം, ജാൻസി- ആളൊരു രോഗിയാണ്. ആയിരമേക്കറിൽ താമസം, പ്രിൻസി- ലോട്ടറിക്കച്ചവടം നടത്തുന്നു. അടിമാലിയിൽ താമസം. 

ഈ വീട്ടിൽ ഒറ്റയ്ക്കാണോ?

അല്ലല്ലോ ദൈവമുണ്ടല്ലോ. 

യാത്ര പറഞ്ഞിറങ്ങുമ്പോൾ നേരമിരുട്ടിയിരുന്നു. വഴിയിൽ വെട്ടമില്ല. “അപ്പുറത്തുകാര് അവിടില്ല. അതാ വെട്ടമില്ലാത്തത്. സൂക്ഷിക്കണം”-ഈ കരുതലാണ് നാടിന് മറിയക്കുട്ടി.

‘എന്റെ കുഞ്ഞിന് നീതി കിട്ടണം’

വണ്ടിപ്പെരിയാർ∙ ‘‘അവൻ തന്നെയാ പ്രതി. അവനു പരമാവധി ശിക്ഷ കിട്ടണം.’’- കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ച് ആ അമ്മ പറഞ്ഞു. ചുരക്കുളം ലയത്തിനു വെളിയിൽ നൂൽമഴ പെയ്യുകയാണ്. ലയത്തിലെ മുറിക്കുള്ളിൽ ആ അമ്മയും കണ്ണീർമഴയായി. വേദനയും രോഷവും അണപൊട്ടുമ്പോൾ അവരുടെ ചുണ്ടുകൾ വിറയ്ക്കും. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കണ്ണുകൾ നിറഞ്ഞൊഴുകും. ആറു വയസ്സുകാരി മകളെ പിച്ചിച്ചീന്തി കൊന്ന് കെട്ടിത്തൂക്കിയെന്ന് അവർ വിശ്വസിക്കുന്നയാൾ കുറ്റവിമുക്തനായി പുറത്താണ്. ആദ്യ മകൻ പിറന്ന്, പതിന്നാലു വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായതാണ് ആ പെൺകുഞ്ഞ്. അവർക്കോ മക്കളില്ലാത്ത സഹോദരന്റെ കുടുംബത്തിനോ ആ കുട്ടിയെ ലാളിച്ചു കൊതിതീർന്നിരുന്നില്ല.

 ആറു വയസ്സുള്ള പെൺകുഞ്ഞ് തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതും 2021 ജൂൺ 30ന് കൊല്ലപ്പെട്ടു എന്നതും വലിയ രണ്ടു സത്യങ്ങൾ. ഇവ കോടതിയും സംശയമില്ലാത്തവിധം ശരിവച്ചു. എന്നാൽ അന്വേഷണപ്പിഴവും ശാസ്ത്രീയ തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി പ്രതിയെ കട്ടപ്പന അതിവേഗ പോക്സോ കോടതി വിട്ടയച്ചു. മകളെ മൂന്നു ദിവസമായി കണ്ടിട്ടേയില്ലെന്നാണ് പ്രതി ആദ്യം മുതൽ പറഞ്ഞിരുന്നത്. തുടക്കത്തിൽ ഞങ്ങൾക്കും അവനെ സംശയമില്ലായിരുന്നു. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ അവൻ പാവമാണെന്ന രീതിയിലാണ് ഞങ്ങളും പറഞ്ഞത്. 

"ദാ അപ്പുറത്താണ് അവൻ താമസിച്ചിരുന്നത്.”  മുറികൾ തമ്മിൽ വേർതിരിക്കുന്ന തടി മറയിലേക്കു വിരൽ ചൂണ്ടി ആറു വയസ്സുകാരിയുടെ പിതൃസഹോദരൻ പറഞ്ഞു. ‘‘ആ വിടവിലൂടെ നോക്കിയാൽ ഇവിടെ നടക്കുന്നതെല്ലാം അവന് കാണാമായിരുന്നു. ഇവിടെ ആളില്ലാത്ത സമയവും അവന് മനസ്സിലാക്കാം. അച്ഛൻ കടയിലും അമ്മ ജോലിക്കും പോകുമ്പോൾ കുഞ്ഞ് ഒറ്റയ്ക്കാണെന്ന് അറിയാം.

വാഴക്കുല പഴുപ്പിക്കിനായി കെട്ടിത്തൂക്കിയിരുന്ന കയറിലാണ് കുഞ്ഞിനെ അവൻ തൂക്കിയത്. ഈ വീട്ടിലെ തന്നെ അലമാരയിൽ നിന്ന് എടുത്ത ഷാളും ഉപയോഗിച്ചു. ആറടിയിലധികം ഉയരമുള്ള ജനലിലൂടെ അവന് പുറത്തേക്ക് കാൽ എടുത്തുവച്ച് പോകാൻ കഴിയില്ലെന്നും വിധിയിലുണ്ടായിരുന്നു. ഈ ജനലിന് എത്ര ഉയരമുണ്ടെന്ന് ഒന്നു നോക്കിയേ” - മൂന്നടിയിൽ താഴെ മാത്രം ഉയരവ്യത്യാസമുള്ള ഭാഗം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു. “എന്റെ കുഞ്ഞിനോട് ചെയ്തത് ഏതെങ്കിലും പെറ്റമ്മയ്ക്ക് സഹിക്കാൻ പറ്റുമോ. അവനെ ഇവിടെ കയറ്റാൻ സമ്മതിക്കില്ല. അവന്റെ തുണിയുമെല്ലാം ആരെങ്കിലും വന്നു മുറിയിൽ നിന്ന് എടുത്തോണ്ടു പൊയ്ക്കോട്ടെ. ഞങ്ങൾക്ക് പ്രശ്നമില്ല” - ആ അമ്മ പറഞ്ഞു.

അൽപം അകലെ ചുരക്കളം പുതുവൽ പ്രദേശത്താണ് കുഞ്ഞിനെ സംസ്കരിച്ചിരിക്കുന്നത്. അവർ പുതിയതായി നിർമിക്കുന്ന വീടിനരികെ, തന്റെ മുറിയാണ് ഇതെന്ന് മകൾ കൊഞ്ചലോടെ പറഞ്ഞിരുന്ന മുറിക്കരികെ. പൂക്കൾ വാടിക്കരിഞ്ഞുകിടന്ന ആ കല്ലറയ്ക്കിരെ നിന്നപ്പോൾ ആ അമ്മ നെഞ്ചുലഞ്ഞ് കരഞ്ഞു. ‘‘ഈ മുറി എനിക്കാ. ഞാൻ ഇവിടിരുന്ന് പഠിച്ചു മിടുക്കിയാവുമെന്ന് അവൾ പറയുമായിരുന്നു. ഇവിടെ വന്നാൽ ആ മുറിയിൽ നിന്ന് മാറത്തേയില്ല. അതിനുള്ളിൽ ചാടിക്കളിച്ചു നടക്കും. എന്റെ കുഞ്ഞിന് നീതി കിട്ടണം. അതിനാ ഹൈക്കോടതിയിൽ പോയത്” - വിതുമ്പലോടെ ആ അമ്മ പറഞ്ഞുനിർത്തി.

English Summary:

Voice of Mariyakutty and mother of murdered girl in vandiperiyar who approached High Court for justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com