ADVERTISEMENT

തിരുവനന്തപുരം∙ പഴ്സനൽ സ്റ്റാഫിൽ നേരിട്ടുള്ള നിയമനം 15ൽ ഒതുക്കണമെന്ന് എൽഡിഎഫ് നിർദേശമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ 22 പേരെയാണു നേരിട്ടു നിയമിച്ചിരിക്കുന്നത്. 20 പേർക്കു രാഷ്ട്രീയ നിയമനം നൽകിയ ചീഫ് വിപ്പ് എൻ.ജയരാജാണു മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമത്. മന്ത്രിമാരിൽ മുന്നണി നിർദേശം പാലിച്ചതു പി.രാജീവ്, എ.കെ.ശശീന്ദ്രൻ എന്നിവർ മാത്രം. 

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 30 പേരെ നിയമിക്കാനാണു സർക്കാർ ഉത്തരവെങ്കിലും 25 മതിയെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ 33 പേരുണ്ട്. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, സജി ചെറിയാൻ, ചീഫ് വിപ്പ് എൻ.ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ 25 പേരെ നിയമിച്ചപ്പോൾ മറ്റു കാബിനറ്റ് റാങ്കുകാർ എണ്ണം കുറച്ചു. 22 പഴ്സനൽ സ്റ്റാഫിനെ മാത്രമാണ് ആർ.ബിന്ദു നിയമിച്ചത്. 

സർക്കാർ സർവീസിൽനിന്നു വിരമിച്ചവരെ ഏറ്റവുമധികം പഴ്സനൽ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്–6, കെ.കൃഷ്ണൻകുട്ടി (5), മുഖ്യമന്ത്രി പിണറായി വിജയൻ (4), എ.കെ.ശശീന്ദ്രൻ (4) എന്നിവർ തൊട്ടുപിന്നിലുണ്ട്. ഇവർക്കു പ്രത്യേക പെൻഷൻ നൽകേണ്ടതില്ല.

അതേസമയം, കാബിനറ്റ് റാങ്കുകാരുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കപ്പെട്ടശേഷം പാർട്ടി നേതാക്കൾക്കു സേവനം നൽകുന്ന പ്രവണതയുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 23000–50200 രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ടയാൾ കെപിസിസി പ്രസിഡന്റിന്റെ പിഎ ആയാണു പ്രവർത്തിക്കുന്നത്. ഇതിനിടെ, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ അഡീഷനൽ പിഎ തസ്തികയിൽ അടുത്തിടെ നടത്തിയ നിയമനം പുതിയ തസ്തിക സൃഷ്ടിച്ചല്ലെന്നും ഡപ്യൂട്ടേഷനിൽ വന്നയാൾ വിരമിച്ചപ്പോൾ പകരം നിയമനം നടത്തിയതാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് വിശദീകരിച്ചു. 

English Summary:

22 direct appointments to Chief Minister Pinarayi Vijayan staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com