നിരക്ക് കൂട്ടി, സർചാർജും; എന്നിട്ടും കെഎസ്ഇബിക്ക് പ്രതിസന്ധി!
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി നിരക്കു വർധിപ്പിക്കുകയും സർചാർജ് ചുമത്തുകയും ചെയ്തിട്ടും പെൻഷൻ പോലും മുടങ്ങുംവിധം വൈദ്യുതി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ബോർഡിന്റെ സാമ്പത്തിക മാനേജ്മെന്റ് കാര്യക്ഷമമല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി ബോർഡിൽ ഫിനാൻസ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതുൾപ്പെടെ പല ഡയറക്ടർമാരുടെയും ചുമതല താൽക്കാലികമായി മറ്റ് ഉദ്യോഗസ്ഥർക്കാണ്. ഒരു സ്ഥിരം ഡയറക്ടറും ചെയർമാനും മാത്രമേ ബോർഡിൽ ഉള്ളൂ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ബോർഡ് മാനേജ്മെന്റിന്റെ വീഴ്ചയും കൂടി ചേരുമ്പോൾ പ്രതിസന്ധി ഗുരുതരമാകുകയാണ്. പെൻഷൻ നൽകണമെങ്കിൽ കടം എടുക്കേണ്ട സാഹചര്യമാണ്.
സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉപയോക്താക്കളിൽ നിന്നു പിരിഞ്ഞു കിട്ടാനുള്ള കറന്റ് ചാർജ് കുടിശിക മാത്രം 3250 കോടി രൂപയോളം വരും. ജല അതോറിറ്റിയുടെ കറന്റ് ചാർജ് കുടിശിക 1600 കോടിയോളം വരും. 2018ലെ കുടിശിക സർക്കാർ ഏറ്റെടുത്തു ഗഡുക്കളായി നൽകിയെങ്കിലും അതിൽ 60 കോടി മുടങ്ങി. കാർഷിക വൈദ്യുതി നൽകിയതിന്റെ 186 കോടിയും ബോർഡിനു ലഭിക്കാനുണ്ട്.
ബോർഡിനു വർഷം 18,000 കോടി രൂപ വരുമാനമുണ്ട്. ഇതുവരെ എടുത്ത ദീർഘകാല വായ്പകൾ 7,000 കോടിയേ ഉള്ളൂ. ഇതിന്റെ തിരിച്ചടവ് പ്രതിവർഷം 500 കോടിയോളം വരും. പുറമേ 2,000 കോടിയോളം രൂപയുടെ ഹ്രസ്വകാല വായ്പകളുമുണ്ട്. എന്നാൽ ദീർഘകാല വായ്പയ്ക്കു പകരം, താൽക്കാലിക ആവശ്യങ്ങൾക്കും വായ്പകളുടെ തിരിച്ചടവിനുമായി കൂടുതൽ ഹ്രസ്വകാല വായ്പകളെ ആശ്രയിക്കുകയാണ് ബോർഡ്. ഇതു കടബാധ്യത വർധിപ്പിക്കുന്നു. പെൻഷനും മറ്റ് ബാധ്യതകളും നിർവഹിക്കുന്നതിന് ഇപ്പോൾ 500 കോടിയോളം രൂപ കൂടി കടമെടുക്കാനുള്ള ശ്രമത്തിലാണ്.