ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ മറ്റെല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നും തരക്കേടില്ലാത്ത പണം ഖജനാവിലേക്കെത്തുമ്പോൾ ഭൂമി ഇടപാടിൽ‌ നിന്നുള്ള വരുമാനം മാത്രം ഏറെ താഴേക്ക്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 20% ഭൂമി ന്യായവില വർധനയും കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ കൊണ്ടു വന്ന കൊള്ളനിരക്കും റിയൽ എസ്റ്റേറ്റ് മേഖലയെ ഗുരുതരമായി ബാധിച്ചതിന്റെ ലക്ഷണമാണിത്.

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ വരുമാനം വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റജിസ്ട്രേഷൻ വകുപ്പ്. സിപിഎം കൈവിട്ട വകുപ്പ് ഇപ്പോൾ ഘടകകക്ഷി പ്രതിനിധിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്കാണു കൈമാറിയിരിക്കുന്നത്. മുൻപു വിലകുറച്ച് ആധാരം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു സംശയം തോന്നുന്ന എല്ലാവർക്കും നോട്ടിസ് അയച്ചു വരുമാനം വർധിപ്പിക്കാനുള്ള ശ്രമം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആയിരങ്ങൾ കുടിശികയുണ്ടെന്നു കാട്ടി ഒട്ടേറെപ്പേർക്ക് നോട്ടിസും ലഭിച്ചു തുടങ്ങി.  ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷൻ ഫീസുമാണ് ഭൂമി ഇടപാടുകൾ നടക്കുമ്പോൾ സർക്കാരിനു ലഭിക്കുന്ന തുക. 

കഴിഞ്ഞ വർഷം ഇൗയിനത്തിൽ റെക്കോർഡ് വരുമാനമാണ് സർക്കാരിനു കിട്ടിയത്. 2022 നവംബർ വരെ ലക്ഷ്യമിട്ടതിന്റെ 77.32% തുക സർക്കാരിനു പിരിച്ചെടുക്കാനായെങ്കിലും ഇൗ വർഷം നവംബർ വരെ കിട്ടിയത് 57.97% തുക മാത്രം. വിടവ് 20%. 

ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനമാണ് ഓരോ വർഷവും സർക്കാർ വർധിപ്പിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒറ്റയടിക്ക് വർധന ഇരട്ടിയാക്കി (20%). ഇതുവഴി 6,112 കോടി രൂപ ഇൗ വർഷം പിരിച്ചെടുക്കാമെന്നാണു സർക്കാർ കണക്കുകൂട്ടിയത്. 4,687 കോടി മാത്രം ലക്ഷ്യമിട്ട കഴിഞ്ഞ വർഷം 3,624 കോടി (നവംബർ വരെ) രൂപ ലഭിച്ചെങ്കിൽ ഇൗ വർഷം കിട്ടിയത് 3,542 കോടി മാത്രം. 

ന്യായവില വർധിപ്പിച്ചതിനു പുറമേ തെറ്റായ ന്യായവില നിർണയവും ഇടപാടുകാരെ പിന്തിരിപ്പിക്കുന്നുണ്ട്. ന്യായവില പരിഷ്കരിക്കാൻ സമിതി രൂപീകരിച്ച് 3 വർഷമായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കെട്ടിട നിർമാണ പെർമിറ്റിനുള്ള (1200 ചതുരശ്ര അടിക്ക്) അപേക്ഷാ ഫീസും പെർമിറ്റ് ഫീസും 400 രൂപയിൽ നിന്ന് 6,500 രൂപയായി. 

മുനിസിപ്പാലിറ്റിയിൽ 8,000 രൂപയും കോർ‌പറേഷനിൽ‌ 11,000 രൂപയുമാണ് വർധിച്ചത്. വീടിന്റെ അളവു കൂടുമ്പോൾ ഫീസ് കുതിച്ചുയരും. സാധാരണക്കാർക്കു ഭൂമി വാങ്ങാനും വീടുവയ്ക്കാനുമുള്ള ചെലവു കുതിച്ചുയർന്നത് ഇടപാടുകാരെ പിന്തിരിപ്പിക്കുകയാണ്.  കൃഷിയിൽ നിന്നും മറ്റും ഒട്ടേറെ പേർ  പിൻവാങ്ങുന്നതിനാൽ ഭൂമി ലഭ്യതയും വിൽപനയും കൂടേണ്ടിടത്താണു മറിച്ചു സംഭവിക്കുന്നത്.

English Summary:

Huge drop in government revenue on land deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com