മോശമായി പെരുമാറിയെന്ന സ്വപ്നയുടെ ആരോപണം: പാർട്ടി അനുമതി നൽകിയിട്ടും കേസിനു മുതിരാതെ സിപിഎം നേതാക്കൾ
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിലെ പ്രതിയും സ്പേസ് പാർക്ക് മുൻ കൺസൽറ്റന്റുമായ സ്വപ്ന സുരേഷിന്റെ കടുത്ത ആരോപണങ്ങൾക്കു വിധേയരായ മുതിർന്ന സിപിഎം നേതാക്കൾക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പാർട്ടി അനുമതി നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. അനുമതി നൽകിയ വിവരം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചിട്ടും നേതാക്കളാരും ഇതുവരെ വക്കീൽ നോട്ടിസ് പോലും അയച്ചിട്ടില്ല.
മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ മോശമായി പെരുമാറിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ മറ്റു ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കളെ വെല്ലുവിളിച്ച സ്വപ്ന തെളിവുകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി. കേസ് കൊടുത്തില്ലെങ്കിൽ ആരോപണങ്ങൾ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ നേതാക്കളാരും തയാറല്ല.
കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ഏറ്റവും രൂക്ഷമായ പരാമർശങ്ങൾ. അദ്ദേഹം മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടു. ശ്രീരാമകൃഷ്ണനാകട്ടെ, ആരോപണങ്ങൾ ശരിയല്ലെന്ന് വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വപ്ന പുറത്തുവിട്ടതോടെ തുടർ മറുപടിയുണ്ടായില്ല.
ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് പാർട്ടി അനുമതി വേണമെന്നായിരുന്നു പാർട്ടിയുടെ ഉന്നത ഘടകങ്ങളിൽ ഉൾപ്പെട്ട ഈ നേതാക്കൾ ആദ്യ ഘട്ടത്തിൽ പറഞ്ഞത്. തുടർന്നാണു നേതാക്കൾക്ക് സ്വന്തം നിലയിൽ നിയമ നടപടി സ്വീകരിക്കാൻ പാർട്ടി അനുമതി നൽകിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അനധികൃത സ്വത്ത് സമ്പാദനവും ദുരൂഹമായ ഇടപാടുകളും ഉൾപ്പെടെയാണ് സ്വപ്ന ആവർത്തിച്ച് ആരോപിച്ചത്. കോടതിയിൽ കൊടുത്ത 2 രഹസ്യ മൊഴികളിലും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും തെളിവുകളെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു നേരത്തേ തന്നെ കൈമാറിയെന്നുമാണു സ്വപ്ന പറയുന്നത്.