ADVERTISEMENT

തിരുവനന്തപുരം∙ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖർക്കു വിരുന്നൊരുക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വിരുന്നിനുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം രാജ്ഭവനിൽ എത്തിച്ചെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോയില്ല.

ഗവർണറെ മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ നേരിട്ടെത്തി ക്ഷണിക്കുകയോ മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയോ ആയിരുന്നു പതിവ്. ഇത്തവണ ഗവർണറുടെയും രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും പേരിലുള്ള ക്ഷണക്കത്തുകൾ ആൾ വശം കൊടുത്തു വിടുകയായിരുന്നു. നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം 25നു നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ ഗവർണറെ അറിയിച്ചിട്ടില്ല. മന്ത്രിസഭ തീരുമാനിച്ച ശേഷം സ്പീക്കർ നേരിട്ടെത്തി ഗവർണറെ ക്ഷണിക്കുന്നതാണ് കീഴ്‍വഴക്കം.

മുഖ്യമന്ത്രിയുടെ വിരുന്നിന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ എന്നിവരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. തിരക്കുകൾ കാരണമാണു പങ്കെടുക്കാൻ കഴിയാത്തതെന്ന് ഇരുസഭകളുടെയും പ്രതിനിധികൾ പ്രതികരിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പ്രഭാതയോഗത്തിലും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പങ്കെടുത്തിരുന്നില്ല.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ, കുര്യാക്കോസ് മാർ സേവേറിയോസ് , ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിറിൽ മാർ ബസേലിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ബിഷപ് ഡോ.വിൻസന്റ് സാമുവൽ, റവ.ജെ.ജയരാജ്, വി.പി.ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ.ഫസൽ ഗഫൂർ, ഡോ.എം.വി.പിള്ള, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, ജോസ് തോമസ്, ടോണി തോമസ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ.വി.കെ.രാമചന്ദ്രൻ, മുൻ മന്ത്രിമാർ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർ, അഡിഷനൽ ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Chief Minister prepared Christmas and New Year party, Governor and opposition Leader abstained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com