ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു പ്രധാനമന്ത്രി തന്നെ ആരോപണം തൊടുത്തതോടെ സ്വർണക്കടത്ത് കേസ് വീണ്ടും ചർച്ചകളിൽ. സ്വർണക്കടത്ത് നടന്ന ഓഫിസ് എല്ലാവർക്കും അറിയാമെന്നു തുറന്നടിച്ച പ്രധാനമന്ത്രി നടപടിയെടുക്കാതെ എന്തുകൊണ്ട് ഒളിച്ചു കളിക്കുന്നുവെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചു.  കോൺഗ്രസ് മുക്തഭാരതത്തിനു ശ്രമിക്കുന്ന ബിജെപി അതിനായി സിപിഎമ്മുമായി ധാരണയിലാണെന്ന ആക്ഷേപവും പ്രതിപക്ഷം അഴിച്ചു വിട്ടു.

അതിഗുരുതര ആരോപണമാണ് പ്രധാനമന്ത്രിയുടെതെങ്കിലും അതേ നാണയത്തിൽ മറുപടി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വിദേശ ബന്ധമുള്ള ഈ കേസിൽ കേന്ദ്ര ഏജൻസികൾ തുടർനടപടി എടുക്കാത്തതിന് ആരാണു തടസ്സമെന്ന പ്രതിരോധമാണ് സിപിഎം തീർക്കുന്നത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തെഴുതിയതു മറന്നു പോയോയെന്നും അവർ ചോദിക്കുന്നു.

സ്വർണക്കേസ് കേരളത്തിൽ പ്രധാനമന്ത്രി ഉന്നയിക്കുന്നത് ഇതാദ്യമല്ല. കൊച്ചിയിൽ ഏപ്രിലിൽ ബിജെപി നടത്തിയ ‘യുവം’ പരിപാടിയിലും ഈ രാഷ്ട്രീയ ആരോപണമുണ്ടായി. ‘കേരളത്തിന്റെ കയറ്റുമതി വളർച്ച ലക്ഷ്യമിട്ടു സാധ്യമായതെല്ലാം ചെയ്യുമ്പോൾ ഒരു കൂട്ടർ രാവും പകലും സ്വർണം കടത്തുന്നതിലാണു ശ്രദ്ധിക്കുന്നത്’ എന്നായിരുന്നു അന്നത്തെ പരാമർശം. ഇപ്പോ‍ൾ ഒന്നു കൂടി കടത്തി മുഖ്യമന്ത്രിയെ ഉന്നമിട്ടു. കേസ് വീണ്ടും സജീവമാക്കുന്നതിനു മുന്നോടിയാണോ എന്ന ഉദ്വേഗം സിപിഎമ്മിനും സർക്കാരിനുമുണ്ട്. 

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര ഏജൻസികൾ കേസിൽ പിൻവലിഞ്ഞു തുടങ്ങിയത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മും ബിജെപിയും ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ തുടർച്ചയായി നീട്ടിവയ്ക്കുന്നതും അന്തർധാരയുടെ തെളിവായി അവർ വിലയിരുത്തുന്നു. 

അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളല്ലേ, പ്രധാനമന്ത്രി നേരിട്ടല്ലല്ലോ എന്നാണ് ബിജെപിയുടെ മറുപടി. തൃശൂർ പരിപാടിയുടെ ആവേശത്തിലാണ് പാർട്ടി. ബിജെപിയെ രാഷ്ട്രീയമായി പിന്തുണയ്ക്കാത്ത കേരളത്തിലെ വലിയ വിഭാഗം സ്ത്രീകളും യുവാക്കളും പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരാണെന്ന വിശകലനം വച്ചാണ് കൊച്ചിയിൽ യുവവും തൃശൂരിൽ മഹിളാ റാലിയും പാർട്ടി സംഘടിപ്പിച്ചത്. മോദി ഗാരന്റി’ പ്രഖ്യാപിച്ചതും പാർട്ടിക്കു പുറത്തുള്ള പ്രമുഖരെ വേദിയിലേക്കും സദസ്സിന്റെ ഭാഗമായും ക്ഷണിച്ചതും തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു തന്നെ.

English Summary:

Gold smuggling case again under discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com