ADVERTISEMENT

കൊല്ലം∙ മനം നിറഞ്ഞു പാടുമ്പോൾ വേദനകൾ അലിഞ്ഞുപോകുന്ന ഒരു പുഞ്ചിരി ജെ.എസ്. ജിനേഷിന്റെ മുഖത്തു വിരിയും. അച്ഛനും അമ്മയും മരിച്ചതോടെ കഴിഞ്ഞ ഒന്നര വർഷമായി തിരുവനന്തപുരം പാലോട് ജവാഹർ കോളനിയിലെ ഒറ്റമുറി വീട്ടിൽ തനിച്ചാണെങ്കിലും ജിനേഷിനിപ്പോൾ പരിഭവമില്ല. ‘കൺമുന്നിൽനിന്നു മാഞ്ഞെങ്കിലും രണ്ടുപേരും ഇപ്പോഴും ഒപ്പമുണ്ട്. എന്റെ വിജയങ്ങളിൽ അവർ സന്തോഷിക്കുന്നുണ്ടാകും. പിന്നെ ഞാൻ വിഷമിച്ചിരുന്നിട്ടു കാര്യമുണ്ടോ’– മുഖത്തെ പുഞ്ചിരി വിടാതെ ജിനേഷിന്റെ ചോദ്യം. 

ജീവിതം വഴിമുട്ടിയതോടെ പഠനവും സംഗീതവും പാതിവഴിയിലുപേക്ഷിച്ചു കൂലിവേലയ്ക്കു പോയ ജിനേഷ് ഇന്നു സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നന്ദിയോട് എസ്കെവി എച്ച്എസ്എസിനായി ദഫ്മുട്ടിന്റെ വരികൾ ഉറച്ചുപാടും. ദഫ്മുട്ടിലും വട്ടപ്പാട്ടിലും സ്കൂളിലെ നയിക്കുന്ന ജിനേഷിനു മാപ്പിളപ്പാട്ടിലും മത്സരമുണ്ട്. 

ജിനേഷ് 9–ാം ക്ലാസിൽ പഠിക്കുമ്പോഴാണു പ്രമേഹം ബാധിച്ച് അച്ഛൻ ജോയി മരിച്ചത്. പാട്ടിലേക്കു കൈപിടിച്ചു നടത്തിയ അമ്മ സിന്ധുവും 6 മാസങ്ങൾക്കകം ഇതേ രോഗത്തിനു കീഴടങ്ങി. മൂത്ത സഹോദരൻ ജ്യോതിഷ് ബഹ്‌റൈനിലെ ലേബർ ക്യാംപിലേക്കു ചേക്കേറിയെങ്കിലും വരുമാനമില്ലായ്മ പ്രതിസന്ധിയായി തുടർന്നു. 4 എ പ്ലസ് അടക്കം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ജിനേഷ് ഇതോടെ പഠനമുപേക്ഷിച്ച് ഒരു വർഷം കൂലിവേല ചെയ്തു. എസ്കെവി എച്ച്എസ്എസ് അധ്യാപകൻ എം.എസ്. അനീഷാണു സ്കൂളിലേക്കു തിരികെയെത്തിക്കുന്നത്. സ്വരശുദ്ധിയും ഈണവും തിരിച്ചറിഞ്ഞ അനീഷ് നിർബന്ധിച്ചതോടെ കലോത്സവത്തിനായി പാടി പരിശീലിച്ചുതുടങ്ങി. അതിരാവിലെ ഉണരും. വീട്ടുജോലികൾ തീർത്തു പ്രഭാത ഭക്ഷണവും അത്താഴവും തയാറാക്കായതിനു ശേഷം സ്കൂളിലേക്ക്. ഇപ്പോൾ ശ്രദ്ധ സംഗീതത്തിലും പഠനത്തിലും മാത്രം. 

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com