ADVERTISEMENT

കൊല്ലം∙ മലയാളത്തിലെ രണ്ടു പ്രശസ്ത  കവികൾക്ക് ഇന്നലെ കലോത്സവ വേദിയിൽ വ്യത്യസ്ത ഡ്യൂട്ടിയായിരുന്നു.  അധ്യാപകർ കൂടിയായ പി.രാമനും ലോപാമുദ്രയും തങ്ങളുടെ സ്കൂളിലെ മത്സരാർഥികൾക്കൊപ്പമാണ് കൊല്ലത്തെത്തിയത്.  പാലക്കാട് പട്ടാമ്പി ഗവ. ഓറിയന്റൽ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി മഞ്ജിമയ്ക്കൊപ്പമാണ് രാമനെത്തിയത്.  നൃത്ത മത്സരത്തിലാണ് മഞ്ജിമ പങ്കെടുക്കുന്നത്. മത്സരങ്ങൾക്കപ്പുറത്തേക്കു വളരാനാഗ്രഹിക്കുന്ന മഞ്ജിമയ്ക്ക് കവിയുടെ പൂർണ പിന്തുണയുണ്ട്.

കഥാരചനാ മത്സരത്തിൽ പങ്കെടുക്കുന്ന സോന ബൈജുവിനൊപ്പമാണ് തൃശൂർ അളഗപ്പ നഗർ ജിഎച്ച്എസ്എസിൽ നിന്നു ലോപാമുദ്ര വന്നത്. എഴുത്തുകാരി കൂടിയായ ടീച്ചറുടെ സാന്നിധ്യം പിരിമുറുക്കങ്ങളില്ലാതെ മത്സരത്തിനൊരുങ്ങാൻ  സഹായകമായെന്നു സോന പറഞ്ഞു.

പ്രിയവിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കവെ കാത്തു നിന്ന സമയം ഇരു  കവികളും പാഴാക്കിയില്ല. കലോത്സവ വേദിയുടെ ഊർജം ഉൾക്കൊണ്ട് കൊല്ലം ഝില്ലം പേജിനു വേണ്ടി ഓരോ കവിത!

സംസ്ഥാന കലോത്സവത്തെ സ്വാഗതം ചെയ്തു കവി പി.രാമൻ മലയാള മനോരമയ്ക്കായി എഴുതിയ കവിത. 

തുറന്ന മനസ്സിന്റെ ന‍ൃത്തം 

കൊല്ലം 
തുറസ്സിന്റെ നഗരം.
കടൽ തുറസ്സ്, കായൽ തുറസ്സ്
മാനം നോക്കിക്കിടക്കുന്ന മൈതാനങ്ങളുടെ
തുറസ്സിൽ
കല നൃത്തമാടുന്നു.
നമ്മുടെ വിദ്യാലയങ്ങളിൽ
കാലചൈതന്യത്തിനു കവാടനിരോധം ചെയ്യുന്ന
എന്തോ ഒന്നുണ്ട്
എന്ന് മഹാകവി വൈലോപ്പിള്ളി 
പണ്ട് എഴുതിയിട്ടുണ്ട്.
അടയുന്ന കവാടങ്ങൾ
ഒന്നു തള്ളിത്തുറക്കുന്നീ കലാമേള
ഇപ്പോൾ കൊല്ലം, കലയുടെ തുറസ്സ്.

ലോപാമുദ്ര മലയാള മനോരമയ്ക്കായി എഴുതിയ കവിത.

വിസ്മയം ഈ ഉത്സവം 
കല തൻ സോപാനത്തിൽ
കാലുവയ്ക്കുവാനൂന്നി
യണയും യുവാക്കളേ
പ്രിയരേ വരൂ വരൂ...
വസന്തം കൈ കൂപ്പുന്ന
നിറവിസ്മയങ്ങളായ്
കലതൻ കുടമാറ്റം
നടത്താൻ വരൂ വരൂ   (2)
കല തൻ മാണിക്യക്കൽ
നടയിൽ ചിത്രം ഗാനം
നടനം നൂറായിരം
പൂക്കളായ് വിടർത്തുവാൻ
അജ്ഞാനതമസ്സു   മായ് -
ച്ചറിവിൻ വെളിച്ചമായ്
നാളെ തൻ നൽപ്പൂക്കളായ്
നാടെങ്ങും വിരിയുവാൻ
ആരെയുമെതിരേൽക്കും
കൊല്ലത്തിൻ കലാചിത്തം 
നേരെഴും നറുവാക്കായ് 
വിളിപ്പൂ, വരൂ  വരൂ 
കാലത്തെ വെല്ലും കല -
തന്റെയശ്വമേധത്തിൻ
കാവലാളുകളാവാൻ
പ്രീതരായ്   വരൂ വരൂ

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com