ADVERTISEMENT

തിരുവനന്തപുരം ∙ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കൊട്ടക്കണക്കിനു കേസെടുത്തപ്പോൾ, സമാന്തര പൊലീസ് ചമഞ്ഞ് പ്രതിഷേധക്കാരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരെയുള്ളത് തീരെക്കുറവ് കേസുകൾ മാത്രം. കരിങ്കൊടി കാണിച്ചവർ കാസർകോട് മുതൽ തിരുവനന്തപുരം വരെ മിക്ക സ്ഥലത്തും സിപിഎം പ്രവർത്തകരുടെ ക്രൂര മർദനത്തിനിരയായി. പലപ്പോഴും പൊലീസ് കാഴ്ചക്കാരായി. പല പരാതികളിലും കേസ് എടുത്തിട്ടുമില്ല. സിപിഎം പ്രവർത്തകർ നടത്തിയത് ‘രക്ഷാപ്രവർത്തനം’ ആണെന്നു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.

കോതമംഗലം ഇരുമലപ്പടിയിൽ നവകേരള ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നു. (ഫയൽ ചിത്രം)
കോതമംഗലം ഇരുമലപ്പടിയിൽ നവകേരള ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നു. (ഫയൽ ചിത്രം)

യുഡിഎഫിനെതിരായ കേസുകളിൽ മിക്ക ജില്ലകളിലും പ്രധാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതല്ലാതെ കാര്യമായ അറസ്റ്റ് ഉണ്ടായില്ല.

ഗൺമാനെ തൊട്ടിട്ടില്ല

ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് ദണ്ഡുമായി മർദിച്ചെങ്കിലും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അനിൽകുമാർ മർദിക്കുന്നതു കണ്ടില്ലെന്നു പറഞ്ഞു മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നെങ്കിലും ഒടുവിൽ കോടതി ഉത്തരവുപ്രകാരം അനിലിനും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസിനു കേസെടുക്കേണ്ടിവന്നു.

കേസുകൾ

യു‍ഡിഎഫ് പ്രവർത്തകർക്കെതിരെ 256 

സിപിഎം പ്രവർത്തകർക്കെതിരെ 21

കരിങ്കൊടി കാണിച്ച ബിജെപിക്കാർക്കെതിരെ 18

പ്രതിഷേധക്കാരെ മർദിച്ച പൊലീസുകാർക്കെതിരെ 5

(മറ്റു ചില സംഘടനകളിൽപെട്ടവർക്കെതിരെ 7 കേസുകളും റജിസ്റ്റർ ചെയ്തു. പൊലീസ് ആസ്ഥാനത്തെ കണക്കുപ്രകാരം ആകെ കേസുകൾ 307.)

English Summary:

Nava kerala Yatra: Ten times more cases against UDF than against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com