ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് പാർട്ടിയിൽ ആദർശവാ‍നാകാൻ വളരെ എളുപ്പമാണെന്നും പാർട്ടിക്കു മേൽ ചെളി പറ്റുമ്പോൾ സ്വന്തം ശരീരത്തിലെ ചെളി മാത്രം തുടച്ചു കളയാൻ ശ്രമിക്കുന്നവരുണ്ടെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിലെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച നേതാക്കൾ, അടുത്ത തലമുറയ്ക്കു കൂടി അതു ബാക്കി വയ്ക്കേണ്ട ചുമതലാ ബോധം കാണിക്കണമെന്നും മനോരമയുടെ ‘വാർത്തമാനം’ പരിപാടിയിൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വി.എം.സുധീരൻ ഉൾപ്പെടെ ചിലർ അടുത്തിടെ കെപിസിസി നേതൃത്വത്തിനെതിരെ നടത്തിയ പരസ്യവിമർശനം സംബന്ധിച്ച ചോദ്യത്തിനാണു പ്രതികരണം.

പാർട്ടിയിലെ ചെറുപ്പക്കാരായ നേതാക്കൾ കുറേക്കൂടി സ്വയം അച്ചടക്കം പാലിക്കുന്നവരാണ്. അവർ പാർട്ടി വേദിയിൽ മാത്രമേ അഭിപ്രായം പറയാറുള്ളൂ. ചെറുപ്പക്കാരുടെ അച്ചടക്കം പലപ്പോഴും മുതിർന്ന നേതാക്കൾ കാണിക്കുന്നില്ല. അവർ രാഷ്ട്രീയത്തിൽ വളർന്നുവന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാവാം. 

നവകേരള സദസ്സിനെതിരെ കല്യാശ്ശേരി മുതൽ തിരുവനന്തപുരം വരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാരും കെഎസ്‍യുക്കാരും അടി കൊണ്ടിട്ടുണ്ട്. പാർട്ടിക്കു വേണ്ടി അടികൊണ്ട അവരുടെ മനോബലം സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിയിലെ നേതാക്കൾക്കുണ്ട്. പാർട്ടിക്കു പുറത്തു വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ് ആർക്കും വ്യത്യസ്തനാകാം. പാർട്ടി ഒരുപാടു പേരുടെ കൂടിച്ചേരലാകുമ്പോൾ അതിൽ ചെളിയും പറ്റാം. സ്വന്തം ശരീരത്തിൽ മാത്രം ആ ചെളി പറ്റരുതെന്നു ചിന്തിച്ചു തുടച്ചു കളയുകയല്ല വേണ്ടത്. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രായമല്ല, ജയിക്കാനുള്ള സാധ്യതയാണു പ്രധാനമെന്നു രാഹുൽ പറഞ്ഞു. യുവാക്കൾ വരണമെന്നല്ല, ഇരുപതിൽ ഇരുപതു സീറ്റും ജയിക്കണമെന്നതിനാണു യൂത്ത് കോൺഗ്രസ് പ്രാധാന്യം നൽകുന്നത്. പ്രായമല്ല, ജയസാധ്യതയാകണം പ്രധാനം. ഏതെങ്കിലും ഒരിടത്തു ജയിക്കാൻ 98 വയസ്സുള്ള നേതാവ് അനിവാര്യനാണെങ്കിൽ അദ്ദേഹത്തെത്തന്നെ മത്സരിപ്പിക്കണമെന്നും ഈ തിരഞ്ഞെടുപ്പ് അത്രമേൽ നിർണായകമാണെന്നും രാഹുൽ പറഞ്ഞു. 

English Summary:

Those who got all the benefits must keep for the next generation says Rahul Mamkootathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com