ADVERTISEMENT

കൊല്ലം∙  കലോത്സവത്തിന്റെ രുചിയിടത്തിൽ വിചാരിക്കാതെ ഒരു അതിഥി. വരുന്നതു വിരുന്നുണ്ണാനോ അതോ ഊട്ടാനോ എന്നു ശങ്ക!  കാരണം അതിഥി  പാചകകലയിലെ  തരംഗമാണ്;  ഷെഫ് സുരേഷ് പിള്ള.

ജന്മനാട്ടിൽ നടക്കുന്ന കലോത്സവത്തിൽ സുഹൃത്ത് പഴയിടം മോഹനൻ നമ്പൂതിരി വിളമ്പുന്ന രുചി ആസ്വദിക്കാനാണ് വരവ്. ആതിഥേയൻ സ്നേഹത്തോടെ പിള്ളയ്ക്ക് ഇടമൊരുക്കി. പുഞ്ചിരിയോടെ ഇലയിട്ടു. രണ്ടെണ്ണം മതിയെന്നു പറഞ്ഞിട്ടും  ഇഡ്ഡലി  നാലെണ്ണം വിളമ്പി. കൂടെ ചൂടുള്ള സാമ്പാറും. ഇഡ്ഡലിയിറങ്ങും മുൻപ് ആദ്യ കമന്റ് ‘‘ ഗംഭീരം..’’

‘‘ ഒരു ദിവസം കല്യാണത്തിന് സദ്യയൊരുക്കുന്നതുതന്നെ എത്ര അധ്വാനമാണ്. അപ്പോൾ അഞ്ചുദിവസവും മൂന്നുനേരം രുചികരമായ ഭക്ഷണം പതിനായിരങ്ങൾക്കു വിളമ്പുന്ന പഴയിടം തിരുമേനിയുടെ കഴിവ് സമ്മതിക്കണം ’’ സുരേഷ് പിള്ളയുടെ വാക്കുകളിൽ ആദരം. ആദ്യ ഇഡ്ഡലി തീർന്നു.

∙രണ്ടാമത്തെ ഇഡ്ഡലിക്കൊപ്പം കലോത്സവത്തിലെ ഭക്ഷണമൊരുക്കുന്നതിന്റെ കഥകളാണ് ഷെഫ് പറഞ്ഞു തുടങ്ങിയത്.

‘‘ ഒരു ഹോട്ടലിൽ ഭക്ഷണമൊരുക്കാൻ അടുക്കളയുണ്ട്. പക്ഷേ കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്നത് ഏതെങ്കിലുമൊരു സ്കൂളിന്റെ മൈതാനത്താണ്. താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന അടുക്കളയാണ്.സർക്കാർ നൽകുന്ന പണത്തിന്റെ പരിധിയിൽനിന്നുകൊണ്ട് പരിമിതികളെ മറികടന്ന് ഇത്രയേറെ കുട്ടികൾക്ക് രുചികരമായ ഭക്ഷണം നൽകാൻ നല്ല കഴിവു വേണം. 

∙മൂന്നാമത്തെ ഇഡ്ഡലിയിലേക്ക് കടക്കുന്ന പിള്ളയോട് ഒരു ചോദ്യം.  കലോത്സവമെനുവിലേക്ക്  പുതിയൊരു വിഭവം നിർദേശിക്കാമോ? 

ചോദ്യം കേട്ടപ്പോഴേ പിള്ള പറഞ്ഞു: 

‘‘ പഴയിടത്തിന്റെ മെനുവിൽ  ഇനി ഒരു കൂട്ടിചേർക്കൽ വേണ്ട? വേണമെങ്കിലൊരു പരീക്ഷണമാകാം. കൊല്ലത്ത് കലോത്സവം നടക്കുമ്പോൾ ഇന്നാട്ടിൽ മാത്രമുള്ള ഏതെങ്കിലുമൊരു വിഭവം  ഒരു ദിവസം വിളമ്പാം. അടുത്ത വർഷം കോട്ടയത്തോ ആലപ്പുഴയിലോ നടക്കുമ്പോൾ അവിടുത്തെ ഏതെങ്കിലും ഒരു വിഭവം വിളമ്പാം ’’

∙കലോത്സവങ്ങളിൽ പാചകകലാകാരൻമാർക്ക് അവസരം കൊടുക്കണ്ടേ? അവസാനത്തെ ഇഡ്ഡലിയിലേക്ക് കടക്കുകയാണ് ഷെഫ്. 

ചോദ്യം കേട്ടപ്പോഴേ പഴയ ഓർമകളും കടന്നുവന്നു:

‘‘  ഞാനും കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. കഥാരചനയും കവിതാരചനയും നാടകവുമൊക്കെയായിരുന്നു ഇനങ്ങൾ. സബ്ജില്ലയ്ക്കപ്പുറം പോയിട്ടില്ല.  പാചകം ഒരു കലയാണ്. കലോത്സവത്തിലല്ല അത് ഉൾപ്പെടുത്തിയത്. സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പാചകമത്സരമുണ്ട്. പക്ഷേ, അതിൽ നിശ്ചിതസമയത്തിനകത്ത് പരമാവധി ഇനങ്ങൾ കുട്ടികളുണ്ടാക്കും. അവയുടെ പോഷകമൊക്കെ കണക്കാക്കിയാണ് മത്സരം. ആ രീതി മാറണം. പലതരം പുട്ടും പലതരം തോരനും കാണാപ്പാഠം പഠിച്ചുവന്ന് ഉണ്ടാക്കിയിട്ട് എന്താണു കാര്യം. കുട്ടികൾ നിശ്ചിതസമയത്തിനകത്ത് പുതിയൊരു ഭക്ഷണഇനം സ്വന്തമായി സ്ൃഷ്ടിക്കട്ടെ. കുട്ടികളുടെ ക്രിയേറ്റിവിറ്റി ഉണരട്ടെ.

ഇതൊരു തൊഴിൽമേഖല കൂടിയാണല്ലോ. പാചകമേഖലയിൽ എത്തിപ്പെട്ടാൽ ജീവിതത്തിലൊരിക്കലും റിട്ടയർമെന്റില്ല. ഇത്തിരി കൈപ്പുണ്യവും സർഗാത്മകതയും ആരോഗ്യവും ഉള്ളിടത്തോളം കാലം ജോലിയുണ്ട്.’’

ഇഡ്ഡലികൾ തീർന്നിരിക്കുന്നു. സ്നേഹപൂർവം  യാത്രപറഞ്ഞിറങ്ങിയ ഷെഫിനെക്കാത്ത്  ആരാധകരുടെ തിരക്ക്. ടീച്ചർമാരും കുട്ടികളും സെൽഫിയെടുത്ത് തകർത്തു.

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com