ADVERTISEMENT

തിരുവനന്തപുരം∙ ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക തയാറാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം വിവാദത്തിൽ. ബോർഡിന് കീഴിലുള്ള ഓഫിസുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ എത്ര മുന്നാക്കക്കാർ, പിന്നാക്കക്കാർ, പട്ടികജാതി, പട്ടികവർഗക്കാർ ജോലി ചെയ്യുന്നുവെന്ന് സ്ഥാപനങ്ങൾ തിരിച്ചുള്ള പട്ടിക നൽകാനാണ് ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള മാതൃകയും ഓഫിസ് മേധാവികൾക്ക് നൽകിയിട്ടുണ്ട്.

2022ൽ ഈ രീതിയിൽ ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിവരം ശേഖരിക്കാൻ ശ്രമം നടന്നെങ്കിലും പൂർണമായി നടന്നില്ല. ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കൃത്യമായ വിവരങ്ങൾ നൽകില്ല. അന്നു ജീവനക്കാരുടെ എണ്ണമല്ലാതെ മറ്റു വിവരങ്ങൾ അപൂർണമായിരുന്നു. ഇത്തവണ വിവരങ്ങൾ പൂർണമായിരിക്കണമെന്ന് ഉത്തരവിലുണ്ട്. 

അടുത്ത കാലത്ത് നിരന്തരം ജാതി അധിക്ഷേപത്തിന് ഇരയാകുന്ന ദേവസ്വം മന്ത്രിയുടെ തന്നെ കീഴിലുള്ള സ്ഥാപനമാണ് ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി. വിവരശേഖരണത്തിന് മുൻപായി ഇക്കാര്യം മന്ത്രിയെയോ ഓഫിസിനെയോ അറിയിച്ചിട്ടില്ല. എന്നാൽ, ബോർഡിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക ആവശ്യപ്പെട്ടു വിവരാവകാശ ചോദ്യങ്ങൾ പെരുകുന്നുവെന്നും ഇതിന് മറുപടി തയാറാക്കാനുമാണ് നടപടിയെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. 

∙ ‘ഞാൻ ചുമതലയേൽക്കുന്നതിന് മുൻപും പട്ടിക തയാറാക്കാൻ ശ്രമം നടന്നതായി അറിഞ്ഞിട്ടുണ്ട്. ഇപ്പോഴുണ്ടായ ഉത്തരവിനെപ്പറ്റി പരിശോധിക്കും.’ – പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ് 

English Summary:

Devaswom Board order for caste-wise list of employees in controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com