ADVERTISEMENT

കൊല്ലം ∙ ദിയയ്ക്കു നേരേ അശ്വനി നീട്ടിയ ആ തുണിക്കഷ്ണത്തിനുണ്ട് ശബ്ദതാരാവലി പരതിയാൽ കിട്ടാത്ത ഒന്നിലധികം പര്യായങ്ങൾ. സ്നേഹമെന്നോ സൗഹൃദമെന്നോ നന്മയെന്നോ  വിളിക്കാവുന്ന ഒട്ടേറെ വാക്കുകൾ. ഇവയ്ക്കൊക്കെ വിലമതിക്കാനാവാത്ത ഒറ്റ വാക്കിൽ ദിയ കടപ്പെട്ടു: ‘നന്ദി’.

കുച്ചിപ്പുഡി മത്സരത്തിനായി ദിയ മുഖത്തെഴുത്തും കഴിഞ്ഞു വേഷം ധരിക്കുമ്പോഴാണു പുറകിൽനിന്നു മുൻപിലേക്കു കെട്ടുന്ന ‘ബാക്ക് ഷീറ്റ്’ എടുത്തിട്ടില്ല എന്നു തിരിച്ചറിഞ്ഞത്. ഇതില്ലാതെ മത്സരിച്ചാൽ നെഗറ്റീവ് മാർക്ക് വീഴും. നെടുമങ്ങാട് ദർശന എച്ച്എസ്എസിലെ എസ്.എൽ.ദിയയ്ക്കു വീട്ടിൽ പോയി അതെടുത്തുകൊണ്ടുവരാനുള്ള സമയവുമില്ല. ബ്ലൗസിന്റെ അതേ നിറമുള്ള തുണിയാണു വേണ്ടത്.  

ഒപ്പം മത്സരിക്കുന്ന, തിരുവനന്തപുരം ജില്ലയിൽനിന്നുതന്നെയുള്ള, കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ എസ്.അശ്വനിയോടു മടിച്ചുമടിച്ചാണു സഹായം ചോദിച്ചത്. പരസ്പരം മത്സരിക്കുന്നവരാണെന്ന ഭാവമേയില്ലാതെ അശ്വനി തന്റെ ബാക്ക് ഷീറ്റ് ദിയയ്ക്കു കൈമാറി. നിറം അൽപം മാറിയെന്നു മാത്രം. ഒനിയൻ പിങ്ക് നിറമുള്ള ബ്ലൗസ് ധരിച്ച ദിയ നീലനിറത്തിലുള്ള ബാക്ക് ഷീറ്റ് ധരിച്ചാണ് വേദിയിലെത്തിയത്.

ജില്ലാ കലോത്സവത്തിൽ പരസ്പരം മത്സരിച്ച ഇരുവരും തമ്മിൽ മുൻപു പരിചയമേയില്ല. ജില്ലയിൽനിന്ന് അശ്വനി നേരിട്ടെത്തിയപ്പോൾ ദിയ ഹൈക്കോടതി അപ്പീലിലൂടെയാണു സംസ്ഥാന കലോത്സവത്തിനെത്തിയത്. അശ്വനിയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ദിയയ്ക്ക് ഇവിടെ എ ഗ്രേഡ് ലഭിക്കുകയുള്ളൂ. അശ്വനിക്ക് എ ഗ്രേഡ് ഉണ്ട്. ദിയയുടെ ഫലം അറിഞ്ഞിട്ടില്ല.
ലീഡ് തുടർന്ന്കണ്ണൂർ
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ 661 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 648 പോയിന്റുകളുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 631 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലകളുടെ പോയിന്റ് നില (ഇന്നലെ രാത്രി 1 മണി വരെയുള്ളത്).

ജില്ല             പോയിന്റ് 

∙ കണ്ണൂർ 661
∙ പാലക്കാട് 648
∙ കോഴിക്കോട് 648
∙ തൃശൂർ‌ 631
∙ കൊല്ലം 623
∙ മലപ്പുറം 620
∙ എറണാകുളം 610
∙ തിരുവനന്തപുരം589
∙ ആലപ്പുഴ 580
∙ കാസർകോട് 574
∙ കോട്ടയം 568
∙ വയനാട് 542
∙ പത്തനംതിട്ട 506
∙ ഇടുക്കി 486

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com