ADVERTISEMENT

കൊല്ലം ∙ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുള്ള വരവിൽ, എതിരാളികളില്ലാതെ കുതിക്കുന്ന പതിവ് ഇക്കുറിയും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആവർത്തിച്ചു. കൊല്ലത്തു സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കുമ്പോൾ ഏറ്റവുമധികം പോയിന്റ് നേടിയ സ്‌കൂളായി തലയുയർത്തിയാണു ഗുരുകുലം സംഘം മടങ്ങുന്നത്. തുടര്‍ച്ചയായി പതിനൊന്നാം തവണ കലോത്സവത്തിൽ ഒന്നാമതെത്തി പുതിയ റെക്കോർഡും സ്ഥാപിച്ചു. 249  പോയിന്റാണു സ്കൂൾ കരസ്ഥമാക്കിയത്.

കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ എന്ന സ്ഥാനം ഒരേ കൂട്ടർ ഇത്രയും വർഷം തുടര്‍ച്ചയായി നിലനിര്‍ത്തുന്നതു 62 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ആദ്യമാണ്. 2012ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തിലാണു ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്. പിന്നീട് ഇവരെ മറികടക്കാൻ ആർക്കുമായില്ല. 2002ല്‍ ഒരു ഇനത്തില്‍ മാത്രം മത്സരിക്കാനെത്തിയ സ്കൂളാണ് ഇപ്പോൾ റെക്കോർഡുകളുടെ തലതൊട്ടപ്പനായി മാറിയത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സ്കൂളുകളുടെ പോയിന്റ് കൂട്ടിയാൽ പോലും അടുത്തെത്തില്ലെന്നതാണു ഗുരുകുലത്തിന്റെ മികവ്.

ഒറ്റ ദിവസം കൊണ്ടല്ല, നിരന്തരമായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നു പിടിഎ വൈസ് പ്രസിഡന്റ് സാബിർ മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘കലോത്സവം കൊല്ലത്തു സമാപിച്ചെങ്കിലും ഞങ്ങൾ ആലത്തൂർ എത്തിയാൽ വീണ്ടും പരിശീലന കളരിയിലേക്കാണു പോകുന്നത്. അവധിക്കാലത്തും പരിശീലനത്തിനു മുടക്കമില്ല. എൽപി വിഭാഗം കുട്ടികളിൽനിന്നു തുടങ്ങുന്നതാണിത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങളിൽ എത്തുമ്പോഴും പരിശീലനത്തിന്റെ തുടർച്ചയുണ്ട്. കുട്ടികളാണ് എല്ലാത്തിനും ആവേശത്തോടെ മുന്നിലുള്ളത്. രക്ഷിതാക്കളും അധ്യാപകരും പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഈ വിജയം കൂട്ടായ്മയുടെ നേട്ടമാണ്. എഴുപതോളം ഇനങ്ങളിലായി ഇരുന്നൂറിലേറെ വിദ്യാർഥികൾ ഇക്കുറി മത്സരിച്ചു.

ജില്ലാ കലോത്സവത്തിൽനിന്ന് ഒന്നാമതായി അൻപതിലേറെ ഇനങ്ങളിൽ നേരിട്ടും ബാക്കി അപ്പീൽ വഴിയുമാണ് എത്തിയത്. സ്‌കൂള്‍ തുറക്കുന്ന അന്നുതന്നെ കലോത്സവത്തിനായി പരീശിലനം തുടങ്ങും. മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി പഠനത്തെ ബാധിക്കാത്ത തരത്തിലാണ് ഒരുക്കുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണെങ്കിലും കലോത്സവത്തിലെ ഗ്രൂപ്പ് ഇനങ്ങൾക്കൊന്നും കുട്ടികളില്‍നിന്നു പണം വാങ്ങാറില്ല. സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാതെയാണു കൊല്ലത്തും താമസവും ഭക്ഷണവും ഒരുക്കുന്നത്. ക്ലാസ് കഴിഞ്ഞുള്ള പരിശീലന വേളയിലും പിടിഎ ഫണ്ടിൽനിന്നു കുട്ടികൾക്കു ഭക്ഷണം നൽകാറുണ്ട്.’’– സാബിർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com