ADVERTISEMENT

തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെത്തുടർന്നു പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു സമരം ചെയ്തു.

അറസ്റ്റ് ചെയ്ത് തടവിലടച്ചതു കൊണ്ടു യൂത്ത് കോൺഗ്രസ് പോരാളികളുടെ സമരവീര്യം കെട്ടുപോകില്ലെന്നു സമരം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. തന്നെ ആക്രമിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ച കന്റോൺമെന്റ് എസ്എച്ച്ഒ ബി.എം.ഷാഫിക്കെതിരെ പ്രവർത്തകരും ഷാഫി പറമ്പിൽ എംഎൽഎയും ഉൾപ്പെടെയുള്ളവർ വെല്ലുവിളി നടത്തി.

സമരം തുടങ്ങുന്നതിനു മുൻപ് സിഐയെ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നു മാറ്റിയിരുന്നു. ‘‘യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചില്ലേ? നിങ്ങളുടെ എല്ലാ നടപടികളുമായും സഹകരിച്ച ഒരാളാണ് രാഹുൽ. നിങ്ങൾ പുലർച്ചെ അഞ്ചു മണിക്ക് വീട്ടിൽച്ചെന്ന് വൃത്തികേടു കാട്ടിയിട്ടും സഹകരിക്കാൻ തയാറായ ഒരാൾ മാധ്യമങ്ങളോടു സംസാരിക്കാൻ ശ്രമിക്കുമ്പോൾ കഴുത്തിനു കുത്തിപ്പിടിക്കുക. സിഐ ഷാഫി എവിടെ? ഇങ്ങോട്ടു വരാൻ പറ’’ എന്നു ഷാഫി പറമ്പിൽ പൊലീസുകാരോടു പറഞ്ഞു. ഇതോടെ പ്രവർത്തകരും ‘എവിടെടാ സിഐ ഷാഫി’ എന്ന ചോദ്യമുയർത്തി.

‘ആദ്യം കേസെടുക്കേണ്ടത് പിണറായിക്കെതിരെ’

തിരുവനന്തപുരം∙ കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടതു പിണറായി വിജയനെതിരെയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നാണു പൊലീസ് പറയുന്നത്. 

ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും ഇരുമ്പുവടി കൊണ്ടും യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചെന്നു പൊലീസ് എഫ്ഐആർ ഇട്ട സംഭവമാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനമാണെന്നു പറഞ്ഞു കലാപാഹ്വാനം നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഗോവിന്ദന്റെ ക്ലാസ് രാഹുലിനു വേണ്ട

‘യൂത്ത് കോൺഗ്രസിനെ നയിക്കുന്നതു കുണുവാവകളല്ല, രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ഇവർ മനസ്സിലാക്കണം. സമരം ചെയ്യുന്നതിന്റെ ആർജവത്തെക്കുറിച്ചു ഗോവിന്ദൻ ‘ടീച്ചറി’ന്റെ ക്ലാസ് രാഹുൽ മാങ്കൂട്ടത്തിലിനും യൂത്ത് കോൺഗ്രസിനും വേണ്ട. ‘വാ മോനേ ആർഷോ’ എന്നു പറഞ്ഞപ്പോൾ അലിഞ്ഞില്ലാതായി പൊലീസിന്റെ തോളിൽ കയ്യിട്ടുപോയ ആർഷോയ്ക്ക് കൊടുത്താൽ മതി. സിപിഎമ്മിന്റെ ഗുണ്ടാപ്പണി പൊലീസ് ഏറ്റെടുത്താൽ അതിനെതിരെ ശക്തമായി പ്രതികരിക്കും.’ – ഷാഫി പറമ്പിൽ, എംഎൽഎ

English Summary:

Youth Congress secretariat march against arrest of Rahul Mamkootathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com