ADVERTISEMENT

കൊച്ചി∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയ മഹാരാജാസ് കോളജിലെ അധ്യാപകരെ സ്ഥലംമാറ്റിയതു കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ 14 ദിവസത്തേക്കു സ്റ്റേ ചെയ്തു. ആർഷോയ്ക്ക് എഴുതാത്ത പരീക്ഷയ്ക്കു മാർക്ക്‌ലിസ്റ്റ് ലഭിച്ചെന്ന വിവരം മഹാരാജാസ് കോളജിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിലൂടെ ആദ്യമായി ചൂണ്ടിക്കാട്ടിയ കൊമേഴ്സ് അസി.പ്രഫസർ ഷാജു മാത്യു, കെമിസ്ട്രി അസി. പ്രഫസർ ഡോ.അൾസൺ മാർട്ടിൻ എന്നിവരെയാണു കോളജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥലം മാറ്റിയത്.

മാർക്ക് ലിസ്റ്റിലെ പിഴവു കണ്ടെത്തിയിട്ടും യഥാസമയം തിരുത്താതെ ഗുരുതരമായ വീഴ്ച വരുത്തിയ പരീക്ഷാ കൺട്രോളർക്കെതിരെയുള്ള നടപടി താക്കീതിൽ ഒതുക്കിയപ്പോഴാണു പിഴവു ചൂണ്ടിക്കാട്ടിയവർക്കെതിരെയുള്ള കടുത്ത നടപടി. സ്ഥലംമാറ്റപ്പെട്ട രണ്ട് അധ്യാപകരും കോൺഗ്രസ് അനുകൂല സംഘടനയിൽപെട്ടവരായതിനാൽ രാഷ്ട്രീയവൈരമാണു നടപടിക്കു പിന്നിലെന്ന് ആരോപണമുയർന്നു. ഷാജു മാത്യുവിനെ വൈപ്പിൻ സർക്കാർ കോളജിലേക്കും ഡോ.അൾസൺ മാർട്ടിനെ കളമശേരി ഗവ. പോളിടെക്നിക് കോളജിലേക്കുമാണു സ്ഥലംമാറ്റിയത്. അന്വേഷണം തടസ്സപ്പെടുത്താതിരിക്കാനാണു സ്ഥലംമാറ്റുന്നതെന്നും ഉത്തരവിലുണ്ടായിരുന്നു.

ഏപ്രിലിലാണ് ആർഷോയുടെ മാർക്ക് ലിസ്റ്റിലെ പിഴവ് രണ്ട് അധ്യാപകരും ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിലൂടെ ചൂണ്ടിക്കാട്ടിയത്. പ്രിൻസിപ്പലും പരീക്ഷാ കൺട്രോളറുമുൾപ്പെടെ അംഗങ്ങളായ ഗ്രൂപ്പിൽ ആരും പ്രതികരിച്ചില്ല. തുടർന്ന് ആർഷോയ്ക്ക് എഴുതാത്ത പരീക്ഷയ്ക്കു മാർക്ക്‌ലിസ്റ്റ് ലഭിച്ച സംഭവം വിവാദമായപ്പോൾ, ‘മുൻപു ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാതിരുന്നതല്ലേ വിവാദങ്ങൾക്കു കാരണ’മെന്ന് ഇവർ ഇതേ ഗ്രൂപ്പിൽ ചോദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യവും സംഘടനാവിരോധവുമാണു നടപടിക്കു പിന്നിലെന്നാണ് അധ്യാപകർ പറയുന്നത്. ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ) സംസ്ഥാന ഭാരവാഹികളാണു ഷാജുവും അൾസണും. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാധ്യമ വാർത്തകൾ ഷെയർ ചെയ്യുന്നു, കോളജ് സംവിധാനത്തെ കളിയാക്കുന്നു, വിവാദം സമൂഹമാധ്യമത്തിൽ കൂടി പ്രചരിപ്പിക്കാൻ മുൻകയ്യെടുത്തു തുടങ്ങിയ കുറ്റങ്ങൾ ഇരുവരും ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് 9ന് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവിലുള്ളത്. തെറ്റു ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തതെന്നു കാട്ടി രണ്ട് അധ്യാപകരും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 

English Summary:

Kerala Administrative Tribunal stayed transfer of teachers of Maharaja's College who point out error in mark list published of PM Arshaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com