ഭൂമി തരംമാറ്റം: അദാലത്തിനുള്ള ടോക്കൺ എത്തുക റജിസ്റ്റർ ചെയ്ത മൊബൈലിൽ

Mail This Article
തിരുവനന്തപുരം ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരംമാറ്റത്തിന് അർഹതയുള്ള അപേക്ഷകൾ തീർപ്പാക്കാനുള്ള പ്രത്യേക അദാലത്തുകളിൽ പങ്കെടുക്കുന്നവർ ടോക്കൺ നമ്പറും എസ്എംഎസും ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് റവന്യു വകുപ്പ് അറിയിച്ചു. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അർഹത. റവന്യു ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള അദാലത്തുകൾ നാളെ മാനന്തവാടിയിൽ ആരംഭിക്കും.
2023 ഡിസംബർ 31 വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്കു പരിഗണിക്കും. 1,18,253 അപേക്ഷകളാണ് തീർപ്പാക്കാനുളളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് സന്ദേശവും ടോക്കൺ നമ്പറും പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്ക് എസ്എംഎസ് ആയി അയയ്ക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിച്ച അപേക്ഷകളിൽ അക്ഷയ കേന്ദ്രത്തിന്റെ നമ്പറാണ് രേഖപ്പെടുത്തിയതെങ്കിൽ സന്ദേശം ആ നമ്പറിലേക്കാണു ലഭിക്കുക. അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കി അദാലത്തിൽ പങ്കെടുക്കണം.
അദാലത്തുകളുടെ സമയം (ആർഡിഒ ഓഫിസ്, വേദി, തീയതി, സമയം എന്ന ക്രമത്തിൽ)
∙ കോട്ടയം: കുമാരനല്ലൂർ കമ്യൂണിറ്റി ഹാൾ, 18, 9 മണി
∙ പാലാ: കടുത്തുരുത്തി കടപ്പൂരൻസ് ഓഡിറ്റോറിയം,18, 2 മണി
∙ ഇടുക്കി: ചെറുതോണി പഞ്ചായത്ത് ടൗൺ ഹാൾ, 25, 9 മണി
∙ ദേവികുളം: അടിമാലി ഗ്രാമീണ ബാങ്ക് ഓഡിറ്റോറിയം, 25, 2 മണി