കയ്യിൽ 600 കോടി; എന്നിട്ടും മരുന്ന് വാങ്ങാതെ മെഡിക്കൽ കോർപറേഷൻ

Mail This Article
തിരുവനന്തപുരം ∙ സർക്കാർ പണം തരാത്തതിനാലാണ് ആശുപത്രികൾക്കു മരുന്നു വാങ്ങി നൽകാത്തതെന്നു വിലപിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അക്കൗണ്ടിൽ ചെലവിടാതെ 600 കോടി രൂപ. മരുന്നു കമ്പനികൾക്കു നൽകാനുള്ള 500 കോടി രൂപ കുടിശിക കൊടുത്താൽ ആവശ്യത്തിനു മരുന്ന് വാങ്ങാമെന്നിരിക്കെയാണ് കൈവശമുള്ള 600 കോടി കോർപറേഷൻ അനക്കാതെ വച്ചിരിക്കുന്നത്.
കയ്യിലുള്ള പണം ചെലവിടാതെ ഇനി ഫണ്ട് നൽകില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്. ഇതിനിടെ, ജീവനക്കാരുടെ ശമ്പളം മൂന്നിരട്ടിയാക്കണമെന്ന ആവശ്യവുമായി കോർപറേഷൻ സർക്കാരിനെ സമീപിച്ചിട്ടുമുണ്ട്. സർക്കാർ നൽകുന്ന പണംകൊണ്ടു മരുന്നു വാങ്ങുന്ന കോർപറേഷൻ മരുന്നു കമ്പനികളിൽനിന്ന് 7% കമ്മിഷനാണു കൈപ്പറ്റുന്നത്. സർക്കാരിനു കീഴിൽ ഏറ്റവും കൂടുതൽ കമ്മിഷൻ പറ്റുന്ന സ്ഥാപനവും ഇതാണ്. ചുരുക്കം ജീവനക്കാർ മാത്രമുള്ള കോർപറേഷൻ ഇത്രയും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് എന്തിനാണെന്നും വ്യക്തമാക്കിയിട്ടില്ല.