‘ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എല്ലാം ഞാൻ നോക്കിക്കോളാം’: സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ‘മുഖ്യമന്ത്രിക്കസേര’യിൽ ഇരുന്നയാൾ മരിച്ചു

Mail This Article
വെള്ളനാട് (തിരുവനന്തപുരം) ∙ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറി അദ്ദേഹത്തിന്റെ കസേരയിലിരുന്ന ചെല്ല ചന്ദ്രജോസ് (53) അന്തരിച്ചു. സംസ്കാരം നടത്തി. പരേതരായ സി.ചെല്ലന്റെയും സിൽവിയുടെയും മകനാണ്. 2011 ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കാണ് ഉറിയാക്കോട് നെടിയവിള റോഡരികത്തു പുത്തൻവീട്ടിൽ ചെല്ല ചന്ദ്രജോസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്നത്. ഓഫിസ് ഫോണിൽ നിന്നു രണ്ടു നമ്പറുകളിലേക്കു വിളിക്കുകയും ചെയ്തു ജോസ്.
മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിയ അന്നത്തെ മന്ത്രിമാരായ കെ.ബാബുവും കെ.പി.മോഹനനുമാണ് മുഖ്യമന്ത്രിയുടെ മുറിയിൽ ജോസിനെ കണ്ടത്. ഇറങ്ങിപ്പോകാൻ ശ്രമിച്ച ജോസിനെ രണ്ടു മന്ത്രിമാരും ചേർന്നു പിടിച്ചു വച്ചു. ഓഫിസിലേക്കെത്തിയപ്പോൾ അമ്പരന്ന് ‘ആരാ? എന്താ?’ എന്നു ചോദിച്ച മുഖ്യമന്ത്രിയോട് ‘ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോൾ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാൻ നോക്കിക്കോളാം’ എന്നു ജോസ് പറഞ്ഞത് ലോകമാകെ ലൈവ് ആയി കണ്ടു. അന്ന് വെബ്സൈറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനം മുഴുവൻ സമയം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. കന്റോൺമെന്റ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയയ്ക്കാൻ ഉമ്മൻചാണ്ടി നിർദേശം നൽകുകയായിരുന്നു.
2014 ജനുവരി 17ന് കേരള പൊലീസ് സംഘടിപ്പിച്ച വനിതാ പൊലീസ് ശാക്തീകരണ സെമിനാർ വേദിയിലും ജോസ് പിന്നീട് താൻ മുഖ്യമന്ത്രിയാണെന്നു പറഞ്ഞ് എത്തി. പരിപാടി തുടങ്ങുന്നതിനു മുൻപു മുഖ്യമന്ത്രിയുടെ കസേരയിൽ കയറിയിരുന്ന ജോസിനെ പൊലീസുകാർ പിടികൂടി പുറത്താക്കുകയായിരുന്നു. കായിക താരമായിരുന്ന ചെല്ല ചന്ദ്രജോസും ധനുവച്ചപുരം സ്വദേശി ബാഹുലേയനും കൂടി വർഷങ്ങൾക്കു മുൻപ് പാറശാല മുതൽ കാസർകോട് വരെ ഓടി അർബുദ രോഗികൾക്ക് 8 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.