ADVERTISEMENT

തിരുവനന്തപുരം ∙ ലക്ഷക്കണക്കിനു കെട്ടിടങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി ചേർക്കുന്നതിൽ വീഴ്ച വന്നതോടെ, തദ്ദേശ വകുപ്പു പുറത്തിറക്കിയ ‘കെ സ്മാർട്’ ആപ്ലിക്കേഷനിലൂടെ വസ്തുനികുതി അടയ്ക്കുന്നതു പല നഗരസഭകളിലും സ്തംഭിച്ചു. കെ സ്മാർട് ജനുവരി ഒന്നിനു പുറത്തിറക്കുന്നതിനു മുന്നോടിയായി, വസ്തുനികുതി നേരിട്ടു പണമായി സ്വീകരിക്കുന്നത് ഡിസംബർ അവസാനം നഗരസഭകൾ അവസാനിപ്പിച്ചിരുന്നു. 87 നഗരസഭകളിലും 6 കോർപറേഷനുകളിലുമായി 38 ലക്ഷം കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഡിജിറ്റലായി ചേർക്കേണ്ടത്.

6 കോർപറേഷനുകളിൽ കൊച്ചി, തിരുവനന്തപുരം കോർപറേഷനുകളിൽ നടപടികൾ ഏറെ പിന്നിലാണ്. എത്ര ഫയലുകൾ തീർപ്പാക്കാൻ ബാക്കിയുണ്ടെന്ന വിവരശേഖരണവും നടത്തിയിട്ടില്ല. ഫയലുകൾ ഡിജിറ്റലായി മാറ്റാൻ സാവകാശം ലഭിച്ചില്ലെന്നും കെ സ്മാർട്ടിന് ട്രയൽ റൺ നടത്തിയില്ലെന്നും പരിശീലനം കാര്യക്ഷമമല്ലെന്നുമാണു ജീവനക്കാരുടെ പരാതി. പഴയ ഫയലുകൾ തീർപ്പാക്കാനും ഡിജിറ്റലാക്കാനും ജീവനക്കാർ സഹകരിക്കാത്ത പ്രശ്നമുണ്ടെന്നു തദ്ദേശ വകുപ്പിലെ ഉന്നതർ പറയുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലാണ് ഏറെ പേരും വസ്തുനികുതി അടയ്ക്കുക എന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിനും ഇപ്പോഴത്തെ സ്തംഭനാവസ്ഥ ഭീഷണിയാണ്.

അതേസമയം, കെട്ടിട വിവരങ്ങൾ ഡിജിറ്റലാക്കുന്നത് ഇനി ഏതാനും നഗരസഭകളിലേതു മാത്രമേ പൂർത്തിയാകാനുള്ളൂ എന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ച ഇൻഫർമേഷൻ കേരള മിഷന്റെ നിലപാട്.

കെട്ടിട വിവരങ്ങൾക്കു പുറമേ ജനന, മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകളിൽ ഭൂരിഭാഗവും ഡിജിറ്റലാക്കി ആപ്ലിക്കേഷന്റെ ഭാഗമാക്കിയിട്ടില്ല. അതിനാൽ പഴയ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാനും തിരുത്തലുകൾ വരുത്താനും പ്രയാസം നേരിടുന്നുണ്ട്. കെട്ടിട നിർമാണ പെർമിറ്റ്, റഗുലറൈസേഷൻ അപേക്ഷകൾക്കും ഇതേ പ്രശ്നമുണ്ട്.
കെട്ടിട വിവരങ്ങൾ റജിസ്റ്ററിലും രസീതിലും
ഓരോ നഗരസഭയിലെയും കെട്ടിട വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിലുള്ള അസസ്മെന്റ് റജിസ്റ്ററുകളിലായി പരന്നു കിടക്കുകയാണ്. കൂടാതെ ബിൽ കലക്ടർമാരുടെ കൈവശമുള്ള ഹാൻഡ് ബുക്കുകളിലും വിവരങ്ങളുണ്ട്. ഇവ രണ്ടും ഒത്തുനോക്കി ഡിജിറ്റൽ രേഖയുടെ ഭാഗമായാലേ നടപടികൾ പൂർണമാകൂ. നേരത്തേ, ഓൺലൈനായി വസ്തുനികുതി സംവിധാനമുണ്ടായിരുന്ന നഗരസഭകളിൽ മാത്രം രേഖകൾ ഡിജിറ്റലാണ്.

English Summary:

Kerala Government's K-Smart App not at all Smart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com