ADVERTISEMENT

കോഴിക്കോട് ∙ ‘കിരീടങ്ങൾക്കാണ്, ജനങ്ങൾക്കല്ല വിലയെന്നു ധരിക്കുന്നവരുണ്ട് നമ്മുടെ നാട്ടിൽ. അതിനെതിരെയാണ് ഞാൻ പ്രതികരിക്കുന്നത്. സിംഹാസനമല്ല, ജനങ്ങൾക്കാണ് വില എന്നാണ് എന്റെ വായനക്കാരോട് ഞാൻ പറയുന്നത്’– എം. മുകുന്ദൻ പറയുന്നു.
എല്ലാ അധികാരികൾക്കും ഇതു ബാധകമല്ലേ?
∙ അതെ, കിരീടത്തിലേക്കും സിംഹാസനത്തിലേക്കുമുള്ള യാത്ര എളുപ്പമല്ല. ഒരുപാട് കഷ്ടപ്പെട്ട് പലപ്പോഴും ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ച് ചോരചിന്തിയാണ് സിംഹാസനത്തിൽ എത്തുന്നത്. എന്നാൽ, ഒരിക്കൽ സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചാൽ കടന്നുവന്ന വഴികളൊക്കെ മറന്നുപോവുകയാണ്. അത് ലോകത്തിൽ എല്ലായിടത്തും കാണുന്ന കാഴ്ചയാണ്. അങ്ങനെ ഇരിക്കുന്നവരെ നമ്മൾ ഓർമിപ്പിക്കണം.

ജയപ്രകാശ് നാരായണൻ ഒരു കവിയെ ഉദ്ധരിച്ചു പറഞ്ഞു: ‘സിംഹാസൻ കാലീ കരോ...’. സിംഹാസനം ഉപേക്ഷിക്കൂ, കാരണം ജനങ്ങൾ വരുന്നുണ്ട്. ജനങ്ങൾ വരുന്നതു കണ്ടിട്ടില്ലെങ്കിൽ അവർ വന്ന് സിംഹാസനത്തിൽനിന്ന് എഴുന്നേൽപിക്കും. 
എംടിയുടെ വിമർശനത്തെ താങ്കൾ പിന്തുണയ്ക്കുന്നുണ്ടോ?
∙ എംടിയുടെ വാക്കുകളുമായി എന്റെ വാക്കുകളെ ചേർത്തുവയ്ക്കണമെങ്കിൽ വയ്ക്കാം. വേണ്ടെങ്കിൽ വയ്ക്കണ്ട. എന്റെ അഭിപ്രായത്തിൽ, ഏതൊരു വ്യവസ്ഥിതിയിലും വിമർശനം ആവശ്യമാണ്. ജനാധിപത്യ വ്യവസ്ഥതയിൽ വിമർശനത്തിനുള്ള വേദി ഉണ്ടാവണം. പലർക്കും സഹിഷ്ണുതയില്ല. പലരും വിമർശിക്കാൻ മടിക്കുന്നത് അതുകൊണ്ടാണ്. സക്രിയമായ വിമർശനം ഉണ്ടെങ്കിലേ ജനാധിപത്യം വളരൂ. പക്ഷേ, എഴുത്തുകാർ മടിക്കുകയാണ്. വിമർശിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയാം. മറ്റുള്ളവരുടെ അനുഭവം കണ്ട് പലർക്കും തുറന്നു വിമർശിക്കാൻ മടിതോന്നും. നിർഭയം വിമർശിക്കാനുള്ള സാഹചര്യം ഇന്ത്യയിൽ എല്ലായിടത്തുമുണ്ടാവണം. 
രക്തത്തിനു വിലയുണ്ടെന്നാണ് താങ്കൾ പറഞ്ഞത്?
∙ എന്തിനാണ് ചോരപ്പുഴ ഒഴുക്കുന്നത്? ചോരയൊഴുക്കാൻ അവസരം നൽകരുത്. അല്ലാതെ തന്നെ പ്രാധാന്യം മനസ്സിലാക്കണം. ആത്മഹത്യയിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ട് പരിഹരിക്കാൻ കഴിയണം. 
വ്യക്തിപൂജയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണല്ലോ. എന്താണ് നിലപാട്?
∙ വ്യക്തിപൂജ വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഏതു പാർട്ടിയായാലും. ഇഎംഎസ് ഒരു നേതൃപൂജകളിലും വിശ്വസിച്ചിരുന്നില്ല. ഏതു നേതാവും അങ്ങനെയായിരിക്കണം. കേരളത്തിലെ എല്ലാ നേതാക്കളും അങ്ങനെയായിരിക്കണം. നേതൃസ്തുതികളിൽ അഭിരമിക്കുന്ന നേതാക്കളെ അല്ല നമുക്കു വേണ്ടത്. അങ്ങനെയുള്ള നേതാക്കൾ ഉണ്ട് എന്നു ഞാൻ പറയുന്നില്ല. കേരള സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഇടർച്ചകൾ ചൂണ്ടിക്കാണിക്കണം.  

English Summary:

M.Mukundan Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com