കെ ഫോൺ ഹർജി: സതീശന് ഹൈക്കോടതി വിമർശനം
Mail This Article
കൊച്ചി ∙ കെ ഫോൺ പദ്ധതിയിൽ വൻ അഴിമതി നടന്നെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ ഹർജിയിലെ പൊതുതാൽപര്യമെന്തെന്ന് ഹൈക്കോടതി. 2019 ജൂലൈയിലെ സർക്കാർ ഉത്തരവിനെത്തുടർന്നാണ് കരാർ നൽകിയത്. ഇതാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഈ ഘട്ടത്തിൽ നോട്ടിസ് നൽകേണ്ടതില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് എതിർസത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ഹർജി അടുത്ത മാസം 6ന് പരിഗണിക്കാൻ മാറ്റി.
പൊതുതാൽപര്യ ഹർജി ‘പബ്ലിസിറ്റി ഇന്ററസ്റ്റ് പെറ്റിഷനാണോ’ എന്നു പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. എന്നാൽ ഹർജിയിൽ ലോകായുക്തക്കെതിരെ നടത്തിയ പരാമർശത്തിൽ ഹർജിക്കാരനെ കോടതി വിമർശിച്ചു. ടെൻഡർ നൽകിയതിലും തുടർനടപടികളിലുമൊക്കെ അഴിമതിയാണു നടന്നിരിക്കുന്നതെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യമാണ്. സിഎജി റിപ്പോർട്ട് നിയമസഭയ്ക്കു മുൻപാകെ വയ്ക്കുന്നതിൽ സർക്കാർ മനഃപൂർവം താമസമുണ്ടാക്കുകയാണ്. ഞെട്ടിക്കുന്ന ചില വിവരങ്ങൾ അറിയാമെങ്കിലും രേഖകളുടെയും മറ്റും ഭാഗമാക്കാൻ ഇപ്പോൾ കഴിയില്ല. കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നു ഹർജിക്കാരൻ അറിയിച്ചു.