ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഡൽഹിയിൽ അടുത്ത മാസം നടത്തുന്ന സമരത്തിലേക്കു പ്രതിപക്ഷമില്ല. മുഖ്യമന്ത്രി ക്ഷണിച്ചപ്പോൾ ആലോചിച്ച് അറിയിക്കാമെന്നാണു പ്രതിപക്ഷ നേതാവ് മറുപടി നൽകിയതെങ്കിലും പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെല്ലാം. പാർട്ടിയിലും മുന്നണിയിലും ചർച്ച നടത്തിയശേഷം ഒരാഴ്ചയ്ക്കകം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. കോൺഗ്രസിലെ പ്രധാന നേതാക്കൾ ഇന്നോ നാളെയോ ഓൺലൈൻ വഴി ആശയവിനിമയം നടത്തും. അതിനുശേഷം മറ്റു കക്ഷികളുടെ അഭിപ്രായം സമാഹരിക്കും. 

കേരളത്തോടുള്ള കേന്ദ്രഅവഗണനയിൽ പ്രതിപക്ഷത്തിന് അമർഷവും പ്രതിഷേധവുമുണ്ട്. എന്നാൽ സാമ്പത്തികത്തകർച്ചയുടെ മുഴുവൻ ഭാരവും കേന്ദ്രത്തിന്റെ തലയിൽ വച്ചു കൈകഴുകാനാണു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നു പ്രതിപക്ഷം കരുതുന്നു. സമരത്തിൽ പ്രതിപക്ഷം കൂടി ഭാഗമായാൽ അതു ശരിവയ്ക്കപ്പെടും. മൂന്നു വർഷത്തോളം കാത്തിരുന്ന ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രഖ്യാപിച്ച കേന്ദ്രവിരുദ്ധ സമരത്തിന്റെ നിഷ്കളങ്കതയും യുഡിഎഫ് സംശയിക്കുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന അഭിപ്രായമാണു പ്രതിപക്ഷത്തിന്. ക്ഷണം സ്വീകരിച്ചാൽ ആ കെണിയിൽ വീഴും. ഒറ്റയടിക്കു നിരസിച്ചാൽ കേന്ദ്ര സർക്കാരിനെ എതിർക്കുന്നില്ലെന്ന പ്രചാരണമുണ്ടാകും. പങ്കെടുക്കാത്തതിന്റെ കാരണം ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തി ആലോചിച്ചുറപ്പിച്ചൊരു ‘നോ’ പറയാനാണു പ്രതിപക്ഷം കാക്കുന്നത്. 

പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ‘മനോരമ’യോടു പറഞ്ഞു. വാഹനയാത്രക്കാരെ പിടിക്കാൻ ക്യാമറ വച്ച സർക്കാർ എന്തുകൊണ്ടു നികുതിവെട്ടിപ്പുകാരെ അങ്ങനെ പിടികൂടുന്നില്ലെന്നു യുഡിഎഫ് സെക്രട്ടറിയും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി.ജോൺ ചോദിച്ചു. സമരത്തിനു ക്ഷണിക്കുംമുൻപ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും കാരണവും ആദ്യം പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തട്ടെയെന്നായിരുന്നു ആർഎസ്പി സെക്രട്ടറി ഷിബു ബേബി ജോണിന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com