ADVERTISEMENT

കൊച്ചി∙ ഇന്റർനെറ്റ് അധോലോകമായ ഡാർക്‌വെബ് വഴി ലഹരിപദാർഥങ്ങൾ പാഴ്സലുകളായി കൊച്ചിയിലെത്തിച്ചു വിൽപന നടത്തുന്ന ഏഴംഗ സംഘത്തെ കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ആലുവ ചെങ്ങമനാട് സ്വദേശി ശരത് ജയന്ദ് പാറക്കലിന്റെ (24) വിലാസത്തിലാണു ജർമനിയിൽ നിന്നു ലഹരി പദാർഥം കൊച്ചിയിലെത്തിയത്. ശരത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ അന്വേഷണത്തിൽ അബിൻ ബാബു, ശരൺ ഷാജി, കെ.പി.അമ്പാടി, സി.ആർ.അക്ഷയ്, അനന്ദ കൃഷ്ണ തെബി, കെ.ജി.ആന്റണി സഞ്ജയ് എന്നിവരെയും അറസ്റ്റ് ചെയ്തു.

ഡാർക്‌വെബ് വഴി ഓർഡർ നൽകി ജർമനിയിൽ നിന്നു പാഴ്സലായി വരുത്തിയ 326 ലഹരി സ്റ്റാംപുകളും (7.59 ഗ്രാം), 8.25 ഗ്രാം ജൈവലഹരി പദാർഥം എന്നിവയാണു രഹസ്യവിവരം പിന്തുടർന്ന് എൻസിബി കൊച്ചി മേഖലാ യൂണിറ്റ് പിടികൂടിയതെന്ന് എൻസിബി മേഖലാ ഡയറക്ടർ പി.അരവിന്ദൻ അറിയിച്ചു. ശരത്തിന്റെ പേരിൽ കൊച്ചിയിലെത്തിയ പാഴ്സലിൽ 10 ലഹരി സ്റ്റാമ്പുകളാണുണ്ടായിരുന്നത്. തുടർന്നു നടത്തിയ രഹസ്യാന്വേഷണത്തിലും പരിശോധനയിലുമാണു ഡാർക്‌വെബ് ലഹരി റാക്കറ്റിന്റെ കൂടുതൽ കണ്ണികളെ കണ്ടെത്തി ചോദ്യം ചെയ്തു കൂടുതൽ ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തത്. ഇടപാടുകാരിൽ നിന്ന് രൂപയായും ഡോളറായും പണം വാങ്ങുന്ന റാക്കറ്റ് ഇത് ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയാണു ഡാർക്‌വെബ്ബിൽ ലഹരി സ്റ്റാംപിനു ഓർഡർ നൽകുന്നത്. വ്യത്യസ്ത ഐപി അഡ്രസുകൾ ഉപയോഗിച്ചു വിവിധ പേരുകളിലാണു ഓർഡർ കൊടുക്കുക. 

കേന്ദ്രീകരിച്ചത് 150 കുറിയർ  സ്ഥാപനങ്ങളിൽ

കൊച്ചി∙ ഡാർക്‌വെബ് വഴിയുള്ള ലഹരി കടത്ത് തടയാൻ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള 150 കുറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സിറ്റി പൊലീസ് നടത്തിയ ബോധവൽക്കരണം എക്സൈസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവയ്ക്കും ഗുണകരമായി. ഒരേ വിലാസത്തിൽ പതിവായി സംശയാസ്പദമായ കുറിയർ എത്തുക, കുറിയർ സ്ഥാപനത്തിൽ വ്യാജ വിലാസം നൽകിയ ശേഷം ഫോൺ മുഖേന ബന്ധപ്പെടുമ്പോൾ ഉപയോക്താവു നേരിട്ടെത്തി പാക്കറ്റ് കൈപ്പറ്റുക തുടങ്ങിയ രീതികൾ നിരീക്ഷിച്ചു കുറിയർ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കുറിയർ സർവീസ് വഴി ലഹരിമരുന്നു കടത്താൻ ശ്രമിച്ച 20 കേസുകൾ പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.

ഓൺലൈൻ പോർട്ടൽ വഴി പാഴ്സലായി കഞ്ചാവു വാങ്ങിയ 11 യുവാക്കളെ പൊലീസ് 2022 ഏപ്രിൽ 23ന് അറസ്റ്റ് ചെയ്തിരുന്നു. 2020 നവംബറിൽ ബെംഗളൂരുവിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചു ഡാർക്‌വെബ് വഴി ലഹരി വിൽപന നടത്താൻ സാങ്കേതിക സഹായം നൽകിയ കംപ്യൂട്ടർ പ്രോഗ്രാമർ അറസ്റ്റിലായിരുന്നു. പതിവായി ഡാർക്‌വെബ് സന്ദർശിക്കുന്ന 140 പേർ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ 105 പേരും കൊച്ചിയിലാണ്.

English Summary:

Seven membered team arrested for online drug sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com