ADVERTISEMENT

കൊച്ചി ∙ കൃത്യമായ ഡേറ്റ എൻട്രിയും ട്രയൽ റണ്ണും നടത്താതെ സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലേക്കും വ്യാപിപ്പിച്ചതാണു തുടക്കത്തിൽ തന്നെ ‘കെ സ്മാർട്’ ആപ്ലിക്കേഷനിലെ പിഴവിനു കാരണം. കൊച്ചി കോർപറേഷന്റെ ഇ ഗവേണൻസ് സേവനങ്ങൾ മെച്ചപ്പെടുത്താൻ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണു ‘കെ സ്മാർട്’ ആപ്ലിക്കേഷൻ. കൊച്ചി കോർപറേഷനിൽ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയ ശേഷം മറ്റു നഗരസഭകളിലേക്കു വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതു മാറ്റി എല്ലാ നഗരസഭകളിലും തിടുക്കത്തിൽ നടപ്പാക്കുകയായിരുന്നു. നിലവിൽ കൊച്ചി കോർപറേഷനിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ കെ സ്മാർട്ടിൽ ലഭിക്കുന്നുണ്ടെങ്കിലും പിഴവുകൾ തിരുത്താൻ ബുദ്ധിമുട്ടാണ്.

മറ്റു നഗരസഭകളിൽ വർഷങ്ങൾക്കു മുൻപേ സേവനങ്ങൾ ഓൺലൈനിൽ ആയെങ്കിലും ഇ ഗവേണൻസിൽ കൊച്ചി ഏറെ പിന്നിലായിരുന്നു. ഇ ഗവേണൻസ് ചുമതലയുണ്ടായിരുന്ന ടിസിഎസിനെ ഒഴിവാക്കി ഇൻഫർമേഷൻ കേരള മിഷനെ (ഐകെഎം) ദൗത്യം ഏൽപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഇ ഗവേണൻസ് മെച്ചപ്പെടുത്താൻ 23 കോടി രൂപ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) നൽകി. പുറമേ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയാണു ഐകെഎം ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കോർപറേഷനിലെ ലക്ഷക്കണക്കിനു കെട്ടിടങ്ങൾ, ജനന, മരണ, വിവാഹ റജിസ്ട്രേഷനുകൾ എന്നിവയെല്ലാം ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ മാസങ്ങളോളം നിയോഗിച്ച് ഡിജിറ്റൽ രേഖയാക്കി. ചില രേഖകൾ ഇനിയും ഡിജിറ്റൈസ് ചെയ്യാനുണ്ട്.

സ്മാർട് സിറ്റി പദ്ധതിയുടെ ഫണ്ട് അതതു നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനു മാത്രമേ വിനിയോഗിക്കാവൂ എന്നാണു വ്യവസ്ഥ. എന്നാൽ സോഫ്റ്റ്‌വെയറും ആപ്ലിക്കേഷനും വികസിപ്പിക്കാൻ മാത്രമാണു ഫണ്ട് ഉപയോഗിച്ചതെന്നും മറ്റു നഗരസഭകളിൽ അതതിടങ്ങളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.

English Summary:

K Smart was implemented without trial run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com