ADVERTISEMENT

തിരുവനന്തപുരം∙ സിഎസ്ബി ബാങ്കിന്റെ നാലാഞ്ചിറ ശാഖയിലെ സ്ട്രോങ് റൂമിൽ നിന്നു 215 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നു പേർ അറസ്റ്റിൽ. മാനേജർ ചേർത്തല നോർത്ത് സിഎംസി കമ്പിക്കാൽ ജംക്‌ഷൻ കാർത്തികയിൽ എച്ച്.രമേഷ് (31), പേരൂർക്കട ആർകെവി കൺസൽറ്റൻസി ഉടമ കുടപ്പനക്കുന്ന് കിണവൂർ അ‍ഞ്ചുമുക്കുവയൽ എഎംആർഎ നസ്രത്തിൽ ബി.വർഗീസ് (43), ജ്വല്ലറി ഉടമ നെടുമങ്ങാട് പൂവത്തൂർ വേങ്കവിള ചന്ദ്രോദയത്തിൽ എം.കിഷോർ (42) എന്നിവരെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

പൊലീസ് പറഞ്ഞത്: ഓൺലൈൻ ക്രിപ്റ്റോകറൻസി ഇടപാടിനു വേണ്ടിയാണ് മാനേജർ തിരിമറി നടത്തിയത്. ബന്ധുക്കളുടെ പേരിൽ വ്യാജ സ്വർണവായ്പ അക്കൗണ്ടുകൾ ഉണ്ടാക്കി സ്വർണം ഈടു വയ്ക്കാതെ 51 ലക്ഷം രൂപ വായ്പയെടുത്തു. ക്രിപ്റ്റോ കറൻസി ഇടപാടിൽ ലാഭം കിട്ടുമ്പോൾ വായ്പ തിരിച്ചടയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ ഓൺലൈൻ ഇടപാടിൽ നിക്ഷേപിച്ചത് ഉദ്ദേശിച്ചതുപോലെ തിരിച്ചുകിട്ടിയില്ല. ഇതോടെ സ്ട്രോങ് റൂമിൽ ഇരിക്കുന്ന സ്വർണം വിൽക്കാൻ തീരുമാനിച്ചു. വായ്പയ്ക്കായി 7 ഇടപാടുകാർ ഈടായി നൽകിയ 215 പവൻ സ്വർണമാണ് എടുത്തത്. ഇവ സ്വകാര്യ കൺസൽറ്റൻസി ഉടമ വർഗീസിന്റെ സഹായത്തോടെ ജ്വല്ലറി ഉടമ കിഷോർ വഴി വിറ്റു. കിഷോറിനും വർഗീസിനും രമേഷ് കമ്മിഷനും നൽകി.

 ബന്ധുക്കളുടെ പേരിൽ വ്യാജരേഖ ചമച്ചെടുത്ത വായ്പ തിരിച്ചടച്ചെങ്കിലും ഇടപാടിൽ സംശയം തോന്നിയ ബാങ്കിലെ ജീവനക്കാർ വിവരം റീജനൽ ഓഫിസിൽ അറിയിച്ചു. തുടർന്നുള്ള ഓഡിറ്റിങ്ങിൽ ആണ് 215 പവൻ സ്വർണാഭരണം നഷ്ടമായെന്നു കണ്ടെത്തിയത്. പലയിടത്തായി വിറ്റ ആഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

വായ്പയെടുത്തു ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതെ വന്നതോടെയാണ് മാനേജർ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷമായി ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ തുടക്കത്തിൽ നേട്ടം ഉണ്ടായതോടെയാണ് വൻതുക നിക്ഷേപിക്കാൻ തീരുമാനിച്ചത്. ബാങ്കിൽ സ്വന്തം പേരിൽ ഉണ്ടായിരുന്ന നിക്ഷേപവും ബന്ധുക്കളുടെ പണവും ക്രിപ്റ്റോയിൽ നിക്ഷേപിച്ചിരുന്നെന്നു പൊലീസ് പറഞ്ഞു. 

English Summary:

Three persons including manager were arrested for steeling gold from bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com