ADVERTISEMENT

മലയാളത്തിന്റെ മഹാകവികളായ എൻ. കുമാരനാശാനും ഉള്ളൂർ എസ്. പരമേശ്വര അയ്യരും ഒരുമിച്ച് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗങ്ങളായിരുന്നു. 1920 - 1922 കാലത്തെ 25 അംഗ  കൗൺസിലിലാണ് ഇവർ ഒരുമിച്ചുണ്ടായിരുന്നത്. മഹാരാജാവ് 1920 ഫെബ്രുവരി 2–ന് നാമനിർദേശം ചെയ്ത 3 അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായിരുന്നു കുമാരനാശാൻ. 13 ഉദ്യോഗസ്ഥ അംഗങ്ങളെയും അന്നു നിയമിച്ചിരുന്നു. ജനുവരിയിൽ 8 പേരെ തിരഞ്ഞെടുത്തിരുന്നു. ദിവാനായിരുന്നു അധ്യക്ഷൻ. ആദ്യം എം. കൃഷ്ണൻ നായരും പിന്നീട് ടി. രാഘവയ്യായും ആയിരുന്നു അധ്യക്ഷന്മാർ.

1920 ഏപ്രിൽ 7–ന് ഉദ്യോഗസ്ഥ അംഗമായി ഉള്ളൂർ എസ്. പരമേശ്വര അയ്യരും എത്തി. അവസാനകാലത്ത് അദ്ദേഹം കൗൺസിൽ സെക്രട്ടറിയായി. 

എംഎൽസി ആയത് ഒരിക്കൽ മാത്രമാണെങ്കിലും കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ (പോപ്പുലർ അസംബ്ലി) 13 തവണ  അംഗമായിരുന്നു. പ്രജാസഭയുടെ 2, 5, 7, 8. 9. 10, 11, 12, 15, 16, 17, 18, 19 സമ്മേളനങ്ങളിലാണ് (1905, 1908, 1911 - 1916, 1919 – 1923) അദ്ദേഹം അംഗമായിരുന്നത്. ഇക്കാലത്ത് വോട്ടവകാശത്തിനും അംഗത്വത്തിനുമുള്ള അർഹത നിശ്ചിത യോഗ്യതയുള്ളവർക്കു മാത്രമായിരുന്നു. ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് 1904 ല്‍ രൂപീകരിച്ച ശ്രീമൂലം പ്രജാസഭ 1932 ല്‍ നിര്‍ത്തലാക്കുന്നതുവരെ 28 യോഗങ്ങള്‍ കൂടി.

എസ്എൻഡിപി യോഗത്തിന്റെ പ്രതിനിധിയായിട്ടാണ് ആദ്യത്തെ രണ്ടു തവണ അംഗമായത്. 11 തവണ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി. ഒരേസമയം തന്നെ (1920 - 1922) ശ്രീമൂലം പ്രജാസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമാകാൻ അവസരം ലഭിച്ച വ്യക്തികളിലൊരാളാണ്  കുമാരനാശാൻ.

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (1922 – 1925)  അംഗമായിരുന്ന കെ.പി. രാമൻ പിള്ളയുടെ നിര്യാണത്തെ തുടർന്ന് കൊല്ലം ജനറൽ റൂറൽ നിയോജകമണ്ഡലത്തിൽ 1923 നവംബർ 3–ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കുമാരനാശാൻ.പരാജയപ്പെട്ടു. സി. ശങ്കരമേനോൻ ആയിരുന്നു വിജയി.

English Summary:

Two great poets Kumaran Asan and Ulloor S. Parameswara Iyer together as MLCs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com