ADVERTISEMENT

പാലക്കാട് ∙ നവകേരള സദസ്സിൽ പങ്കെടുക്കാത്തവരുടെ മനസ്സറിയാൻ എന്ന പേരിൽ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗൃഹസമ്പർക്കത്തിനു സിപിഎം ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നു മുതൽ 5 വരെയുള്ള ഗൃഹസമ്പർക്കത്തിനെ‍ാപ്പം പഞ്ചായത്തു തലത്തിൽ പാർട്ടി നേതാക്കൾ പങ്കെടുക്കുന്ന സ്ഥലം പ്രമുഖരുടെ പ്രത്യേക യേ‍ാഗങ്ങളും നടത്താനാണു തീരുമാനം. രാഷ്ട്രീയ വിവാദങ്ങളുടെ സാഹചര്യത്തിൽ സർക്കാരിനെക്കുറിച്ചുള്ള പ്രതികരണം അറിയലാണു പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണു സൂചന.

കേന്ദ്രനയത്തിനെതിരെ ഫെബ്രുവരി 8നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രഖ്യാപിച്ച സമരത്തിന്റെ കാരണങ്ങളും ഗൃഹസമ്പർക്കത്തിൽ വിശദീകരിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഉൾപ്പെടെ കേന്ദ്രത്തിന്റെ പങ്ക്, പ്രതിസന്ധിയിലും കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവ വിവരിക്കുന്ന ലഘുലേഖ വീടുകളിൽ നൽകും. മന്ത്രിസഭ ഒന്നടങ്കം മണ്ഡലങ്ങളിലെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ടതിനാൽ ഇത്തവണ തിരഞ്ഞെടുപ്പു രാഷ്ട്രീയ ജാഥ വേണ്ടന്നാണു തീരുമാനമെങ്കിലും ഗൃഹസമ്പർക്കം പ്രചാരണമായി മാറും. 

പ്രതീക്ഷിച്ചതിലും വിജയമായ നവകേരള സദസ്സ് എൽഡിഎഫിൽ മുൻപില്ലാത്ത വിധം ഐക്യമുണ്ടാക്കിയെന്നു കഴിഞ്ഞ ദിവസം നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. സദസ്സിൽ വിവിധ പ്രശ്നങ്ങളുമായി ലക്ഷക്കണക്കിനു ജനമെത്തിയതു സർക്കാരിലുള്ള അവരുടെ വിശ്വാസമാണു കാണിക്കുന്നത്. പരാതികളിൽ നടപടി എന്തുതന്നെയായാലും കൃത്യമായും വ്യക്തമായും അപേക്ഷകനെ അറിയിക്കണമെന്നു സംസ്ഥാന സമിതി സർക്കാരിനേ‍ാട് ആവശ്യപ്പെട്ടു.

യുഡിഎഫ് സമരങ്ങൾക്കു ജനപിന്തുണയില്ലെന്നും അവരുടെ കുറ്റവിചാരണ സദസ്സ് അപഹാസ്യമായെന്നും യേ‍ാഗം വിമർശിച്ചു. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 8ന് എല്ലാ തദ്ദേശസ്ഥാപന പരിധിയിലും പാർട്ടി നേതൃത്വത്തിൽ സമരം നടത്തും. 

English Summary:

CPM to visit houses to get opinions about kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com