ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യമായി ചെയ്ത കുറ്റകൃത്യത്തിനു 10 വർഷം വരെ തടവുശിക്ഷ ലഭിച്ചവരിൽ പകുതി ശിക്ഷാ കാലയളവ് പൂർത്തിയാക്കിയവർക്ക് ഇളവു നൽകി വിട്ടയയ്ക്കുന്നതിനുള്ള മാർഗരേഖയ്ക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്.

വിവിധ ഘട്ടങ്ങളിലായി ലഭിക്കുന്ന ശിക്ഷയിളവ് ഉൾപ്പെടാതെ പകുതി ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെ വിട്ടയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താം. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടവർക്കും പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും ഒറ്റത്തവണ ശിക്ഷാ ഇളവിന്റെ ആനുകൂല്യം ലഭിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർക്കും വിദേശ പൗരൻമാർക്കും ഇളവില്ല. പ്രത്യേക ശിക്ഷയിളവോ മറ്റു പദ്ധതികൾ അനുസരിച്ച് ഇളവോ ലഭിച്ചവർക്കും അർഹതയില്ല. 1985 ലെ ടാഡാ ആക്ട്, 2002 ലെ പോട്ട ആക്ട്, യുഎപിഎ, ദേശീയ സുരക്ഷാ ആക്ട്, ഒഫിഷ്യൽ സീക്രട്ട് ആക്ട്, ആന്റി ഹൈജാക്കിങ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിച്ചവർ എന്നിവരെ ഇളവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലഹരിമരുന്നു കേസിലെ പ്രതികൾ, തീവ്രവാദവുമായി ബന്ധപ്പെട്ട കേസുക‍ൾ, രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ, മറ്റു ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ എന്നിവർക്കും ഇളവില്ല. അർഹതയുള്ളവരെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി തലവനായുള്ള സമിതിയാണ് കണ്ടെത്തുക. നിയമ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജയിൽ ഡിജിപി എന്നിവർ ഇതിൽ അംഗങ്ങളാണ്.

ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഇളവ് വേണ്ടെന്ന് മന്ത്രിസഭ

തിരുവനന്തപുരം ∙ ഭിന്നശേഷിയുള്ള സ്ത്രീയെ ലൈംഗികമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രകാശനെ വിട്ടയയ്ക്കാനുള്ള ശുപാർശ മന്ത്രിസഭാ യോഗം തള്ളി. തിരുവനന്തപുരം റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 18 വർഷമായി തടവു ശിക്ഷ അനുഭവിക്കുകയാണു പ്രകാശൻ. സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള സ്ത്രീയെ പലതരത്തിൽ ചൂഷണം ചെയ്തശേഷം കൊലപ്പെടുത്തുകയാണു പ്രതി ചെയ്തതെന്നു യോഗം വിലയിരുത്തി.

English Summary:

Cabinet approved the guidelines regarding relaxation of sentence for first offense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com