കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല ഇന്ന്
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരായ പ്രതിഷേധ ശൃംഖലയായി ഡിവൈഎഫ്ഐ ഇന്ന് കേരളത്തിൽ മനുഷ്യച്ചങ്ങല തീർക്കും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ദേശീയ പാത വഴിയാണ് നീളുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെ മറ്റു ജില്ലകളിലൂടെയെല്ലാം ചങ്ങല തീർക്കും. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളാകും.
റോഡിന്റെ പടിഞ്ഞാറു വശം ചേർന്ന് ഗതാഗതക്കുരുക്കുണ്ടാകാതെയാകും ചങ്ങല തീർക്കുകയെന്ന് നേതാക്കൾ അറിയിച്ചു. വൈകിട്ട് 4ന് മനുഷ്യച്ചങ്ങലയ്ക്കായി പ്രവർത്തകർ ദേശീയ പാതയോരങ്ങളിൽ അണിനിരക്കും. 4.30ന് ട്രയൽ. അഞ്ചിന് മനുഷ്യച്ചങ്ങലയായി കൈകോർത്ത് പ്രതിജ്ഞയെടുക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിലും ബ്ലോക്ക് കമ്മിറ്റി അടിസ്ഥാനത്തിലും സമ്മേളനങ്ങൾ നടക്കും. കലാപരിപാടികളും അരങ്ങേറും.
കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം ആദ്യ കണ്ണിയാകും. രാജ്ഭവനു മുന്നിൽ അവസാന കണ്ണിയാകുന്നത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.