ADVERTISEMENT

കോഴിക്കോട് ∙ ആധാർ കാർഡില്ലാതെ മത്സ്യബന്ധനത്തിനു പോകുന്നവരിൽനിന്ന് 1000 രൂപ പിഴ ഈടാക്കണമെന്ന നിയമം ഇന്നു മുതൽ നടപ്പാക്കാനിരുന്നത് കർശനമാക്കേണ്ടതില്ലെന്ന  നിലപാടിൽ അധികൃതർ.  കേരള തീരം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ വ്യാപകമായ സാഹചര്യത്തിലും തീരസുരക്ഷ കണക്കിലെടുത്തുമാണ് ബോട്ടുകളിൽ സഞ്ചരിക്കുന്ന മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് ധരിക്കണമെന്ന 2018ലെ കേരള മറൈൻ ഫിഷിങ് റഗുലേഷൻ നിയമം കർശനമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. 

 നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനും അകലെനിന്നുതന്നെ ആധാർ കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു ബോട്ടിലുള്ളവർ ആരെന്നു തിരിച്ചറിയാൻ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. ആധാർ കാർഡില്ലാതെ മത്സ്യബന്ധനത്തിനു പോകുന്നവരിൽനിന്ന് 1000 രൂപ പിഴ ഈടാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു വിളിച്ചുചേർത്ത ഫിഷറീസ് മാനേജ്മെന്റ് കമ്മിറ്റി (എഫ്എംസി) യോഗത്തിൽ ഇതുസംബന്ധിച്ച് ചില തീരുമാനങ്ങൾ എടുത്തിരുന്നു.

ഇന്നലെ വരെ ബോധവൽക്കരണം നടത്താനും ഇന്നുമുതൽ പരിശോധന കർശനമാക്കാനുമാണ് തീരുമാനിച്ചിരുന്നത്. അതിലാണ് അയവുണ്ടായിരിക്കുന്നത്. അൽപംകൂടി സമയം അനുവദിക്കണമെന്നു വ്യാപകമായി ആവശ്യമുയർന്ന പശ്ചാത്തലത്തിലാണിത്. കടലിൽ പോകുമ്പോൾ ബോട്ടുകളിൽ സൂക്ഷിക്കേണ്ട സാധനങ്ങളുടെ പട്ടികയുമായി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം തുടരുകയാണ്. പരിശോധനയുമുണ്ട്. കേരളതീരങ്ങളിൽനിന്നു കടലിൽപോകുന്ന ബോട്ടുകളിൽ കേരളത്തിൽനിന്നുള്ളവർക്കു പുറമെ  ഒഡീഷ, ആന്ധ്ര, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളും കൂടുതലായി ജോലി ചെയ്യുന്നുണ്ട്.

English Summary:

Aadhaar penalty will be extended for fishermen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com