ADVERTISEMENT

കുമളി ∙ മക്കൾ ഉപേക്ഷിച്ച കുമളി അട്ടപ്പള്ളം മൈലയ്ക്കൽ അന്നക്കുട്ടി മാത്യു (76) മരണത്തിനു കീഴടങ്ങി. രോഗാവസ്ഥയിലായ അന്നക്കുട്ടിയെ പൊലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ  രാവിലെ 10നു  മരിച്ചു. അട്ടപ്പള്ളത്ത് വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിയുടെ വലതുകൈക്ക് ഒടിവുണ്ടായിരുന്നു. വയർ വീർത്ത അവസ്ഥയിലുമായിരുന്നു. 5 ദിവസം മുൻപാണ് ഇവർ തീർത്തും കിടപ്പിലായത്. 

വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ജയമോൾ മനോജ് പൊലീസ് ഇടപെടലിലൂടെ 2 മക്കളെയും വിളിച്ചുവരുത്തി അന്നക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാൻ ശ്രമം നടത്തി. പക്ഷേ, ഇവർ തയാറായില്ല. തുടർന്ന് കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കുമളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. 

ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ബാങ്ക് ജീവനക്കാരനായ മകനും ഒരു മകളുമുണ്ട്. മക്കൾ കുടുംബമായി കുമളിയിൽ തന്നെയാണ് താമസം. മകന്റെ സംരക്ഷണയിലാണ് അമ്മ മുൻപ് കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ പിന്നീട് വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മക്കൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയായിരുന്നു ഇവരുടെ ഏക വരുമാനം. അമ്മയും മക്കളും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ മുൻപ് പല ശ്രമങ്ങൾ നടന്നെങ്കിലും ആരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന്  കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.

English Summary:

Annakutty, abandoned by her children, succumbed to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com