ADVERTISEMENT

കോട്ടയം ∙ മോട്ടർ വാഹന വകുപ്പ് യഥാസമയം ഇ–ചലാൻ (ഗതാഗത നിയമലംഘനത്തിനു തയാറാക്കുന്ന കുറ്റപത്രം) അയയ്ക്കാത്തതു കാരണം സംസ്ഥാനത്തെ വാഹന ഉടമകളും ഡ്രൈവർമാരും പ്രയാസത്തിൽ. മോട്ടർ വാഹന വകുപ്പിൽ മതിയായ ജീവനക്കാരില്ലാത്തതാണ് ഇ–ചലാനുകൾ വൈകുന്നതിനു കാരണം. 

റോഡ് ക്യാമറയിലോ ഇന്റർസെപ്റ്ററിലോ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾക്ക് ഇ–ചലാൻ ക്രിയേറ്റ് ചെയ്യപ്പെട്ടാൽ 3 മാസത്തിനകം ഓൺലൈനിൽ അടച്ചില്ലെങ്കിൽ വെർച്വൽ കോടതിയിലേക്കു മാറ്റപ്പെടും. അവിടേക്കു മാറ്റപ്പെടുന്ന ഇ–ചലാൻ കോടതി സ്വീകരിച്ചു നമ്പർ ഇട്ടാൽ മാത്രമേ പിഴ അടയ്ക്കാൻ കഴിയൂ. നമ്പറിട്ടു കിട്ടാൻ ആഴ്ചകളെടുക്കും. നമ്പർ ഇടുന്നതിനു മുൻപു പിഴ അടയ്ക്കണമെങ്കിൽ എറണാകുളത്തെ കോടതിയിൽ നേരിട്ടുപോകണം. വെർച്വൽ കോടതിയിൽ യഥാസമയം പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ കുറ്റകൃത്യം നടന്ന സ്ഥലത്തെ കോടതികളിലേക്കു കേസ് മാറും. പിന്നീടു കോടതി കേസ് പരിഗണിച്ച ശേഷമേ ചലാൻ അടയ്ക്കാൻ സാധിക്കൂ.

വാഹനം വിൽക്കാനോ ഈടുനൽകി വായ്പ എടുക്കാനോ റീ ടെസ്റ്റിനോ ശ്രമിക്കുമ്പോൾ മാത്രമാണ് ഇ–ചലാൻ ഉള്ള കാര്യം വാഹന ഉടമ അറിയുന്നത്. അപ്പോഴേക്കും കുറ്റകൃത്യം നടന്ന സ്ഥലത്തെ കോടതികളിലേക്കു കേസ് പോയിട്ടുണ്ടാകും. 

നിയമലംഘനം പിടിക്കപ്പെട്ട് ഇ–ചലാൻ ക്രിയേറ്റ് ചെയ്യപ്പെട്ടാൽ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് പോകാറുണ്ട്. എന്നാൽ മോട്ടർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് 60% വാഹനങ്ങളുടെ വിവരങ്ങൾക്കൊപ്പം ഇപ്പോഴും ഫോൺ നമ്പർ ഇല്ല, അല്ലെങ്കിൽ കൊടുത്തിരിക്കുന്ന നമ്പർ തെറ്റാണ്. 

വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്ന ആർടിഒ, സബ് ആർടിഒ ഓഫിസുകളിൽ പിഴത്തുക അടയ്ക്കാൻ സൗകര്യം ഒരുക്കിയാൽ ഇ – ചലാൻ ഉണ്ടെന്നു വൈകി അറിഞ്ഞാലും പിഴ അടയ്ക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ.

English Summary:

E-Challan Issue in Motor Vehicle Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com