കോടിയേരിക്ക് പിന്തുണ കിട്ടിയില്ല; മുഖ്യമന്ത്രിക്ക് കവചമൊരുക്കി പാർട്ടി
Mail This Article
തിരുവനന്തപുരം∙ ‘പാർട്ടിക്കും സർക്കാരിനുമെതിരെ ആക്രമണം എന്നതു രാഷ്ട്രീയ വിഷയമാണ്. പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടുള്ളതു കുടുംബപരവും വ്യക്തിപരവുമാണ്–’ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്തപ്പോൾ പകരം ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റ എ.വിജയരാഘവൻ, ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണത്തോടു നടത്തിയ പ്രതികരണമാണിത്.
കോടിയേരിയുടെ മകനെതിരെ ആരോപണവും അറസ്റ്റുമുണ്ടായ ഘട്ടത്തിൽ ഒരു രാഷ്ട്രീയ പ്രതിരോധത്തിനും ശ്രമിക്കാതിരുന്ന പാർട്ടി, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണമുയരുമ്പോൾ ന്യായീകരിച്ചു കുഴങ്ങുന്നതാണു സിപിഎമ്മിലെ കാഴ്ച. ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ ഉത്തരവിലെ പരാമർശങ്ങൾ പുറത്തുവന്ന് മൂന്നാമത്തെ ദിവസം വീണയുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നു പത്രക്കുറിപ്പിറക്കിയ സിപിഎം, ഇരു കമ്പനികളും തമ്മിലുള്ള കരാർ പരിശോധിച്ചിട്ടില്ലെന്ന് ഇപ്പോൾ മാറ്റിപ്പറയുന്നുണ്ടെങ്കിലും ന്യായീകരണം തുടരുന്നു.
കോടിയേരി പാർട്ടി സെക്രട്ടറിയായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള ഇടപാടെന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തൽ. ബിനീഷിന്റെ കേസ് ബിനീഷിന്റെയും കുടുംബത്തിന്റെയും പ്രശ്നമാണെന്നും ആരോപണം അന്വേഷിച്ചു കോടതിയിൽ തെളിയിക്കട്ടെയെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
തെറ്റു ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും ലഭിക്കട്ടെയെന്നും കോടിയേരി നിലപാടെടുത്തു. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിലും രാഷ്ട്രീയം കളിക്കുകയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു വ്യക്തിക്കെതിരായ അന്വേഷണമാണെന്നും ആവർത്തിച്ചു. ബിനീഷിനെ കൊള്ളാനോ തള്ളാനോ തുനിഞ്ഞില്ല. അതേസമയം, പാർട്ടിക്കുള്ളിൽനിന്നു മുനവച്ച പ്രതികരണങ്ങളുണ്ടായി. ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ ഭവിഷ്യത്ത് നേരിടുക തന്നെ വേണമെന്നു പിബി അംഗം എം.എ.ബേബിയുടെ ഫെയ്സ്ബുക് പോസ്റ്റ് ആ ഘട്ടത്തിലുണ്ടായി.
തെറ്റുപറ്റിയവരെയോ കുറ്റം ചെയ്തവരെയോ സിപിഎം സംരക്ഷിച്ചിട്ടില്ലെന്നു കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതിയും അന്നു പറഞ്ഞു. അനാരോഗ്യം പറഞ്ഞാണെങ്കിലും ബിനീഷിന്റെ അറസ്റ്റിനു പിന്നാലെ ഒരു വർഷത്തോളം പാർട്ടി ചുമതലകളിൽനിന്നു മാറി നിൽക്കാൻ കോടിയേരി നിർബന്ധിതനായി. ബിനീഷിനു ജാമ്യം ലഭിച്ചശേഷമാണു വീണ്ടും ചുമതലയേറ്റത്.