ADVERTISEMENT

ആലപ്പുഴ ∙ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി. ഫിലിം റപ്രസന്റേറ്റീവ് എൻ.ജെ.ചാക്കോയെ കാറിലിട്ടു കത്തിച്ച സുകുമാരക്കുറുപ്പ് എന്ന കൊലയാളി മുങ്ങിയിട്ട് ഇന്നു 40 വർഷം. ജീവനോടെയുണ്ടെങ്കിൽ അയാൾക്കിപ്പോൾ 80 വയസ്സുണ്ടാകും. ജീവനോടെയുണ്ടോ? ആർക്കും അറിയില്ല.

പക്ഷേ, പുന്നമടയ്ക്കു സമീപം കരളകം ആലപ്പാട് കണ്ടത്തിൽ വീട്ടിൽ ഒരു അമ്മയും മകനും ഉറച്ചു വിശ്വസിക്കുന്നു– കുറുപ്പ് ജീവനോടെയുണ്ട്. അയാളെ നിയമം കണ്ടെത്തണമെന്ന് അവർ പ്രാർഥിച്ചു കൊണ്ടിരിക്കുന്നു. ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും.

സുകുമാരക്കുറുപ്പ്,എൻ.ജെ.ചാക്കോ
സുകുമാരക്കുറുപ്പ്,എൻ.ജെ.ചാക്കോ

‘‘കുറുപ്പിനു മാപ്പ് കൊടുക്കാൻ എനിക്കു പറ്റില്ല. ആ കൊലപാതകത്തിൽ പങ്കാളികളായ ആരോടും ക്ഷമിക്കാൻ പറ്റുന്നില്ല. കാരണം ഇല്ലാതായത് എന്റെ ജീവനാണ്, ജീവിതമാണ്’’–ശാന്തമ്മ പറഞ്ഞു.

‘‘കേസിലെ രണ്ടാം പ്രതിയായ, സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരീ ഭർത്താവ് ഭാസ്കരപിള്ളയെ 5 വർഷം മുൻപ് കണ്ടിരുന്നു. ചെങ്ങന്നൂരിൽ പള്ളിയിൽ പോയപ്പോൾ അവിടെ ധ്യാനത്തിനെത്തിയതാണ്. മാനസാന്തരം സംഭവിച്ചെന്നും മാപ്പ് നൽകണമെന്നും ഭാസ്കരപിള്ള അപേക്ഷിച്ചു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടെന്നും പറഞ്ഞു. വല്ലാത്തൊരു മാനസിക പിരിമുറുക്കത്തിൽ, ‘നിങ്ങളോടു ക്ഷമിക്കുന്നു’ എന്നു ഞാൻ പറഞ്ഞു. അതു വലിയ വാർത്തയായി.

സുകുമാരക്കുറുപ്പിനോടൊപ്പമുള്ള   പ്രതി പൊന്നപ്പനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന അന്നത്തെ എസ്ഐ  പി.തങ്കച്ചൻ.
സുകുമാരക്കുറുപ്പിനോടൊപ്പമുള്ള പ്രതി പൊന്നപ്പനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന അന്നത്തെ എസ്ഐ പി.തങ്കച്ചൻ.

പക്ഷേ, മറക്കാനോ പൊറുക്കാനോ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഭർത്താവു മരിക്കുമ്പോൾ ഞാൻ ഗർഭിണിയാണ്. സന്തോഷം നിറഞ്ഞ ഞങ്ങളുടെ ജീവിതം അവിടെ അവസാനിച്ചു. ഒരു തെറ്റും ചെയ്യാത്തയാളെയാണ് അവർ കൊലചെയ്തത്. കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്ന് എല്ലാവരും പറയുന്നു. വിദേശത്തെവിടെയോ വേഷം മാറി ജീവിക്കുന്നുണ്ടാകും എന്നാണു ഞങ്ങൾ കരുതുന്നത് ’’– ശാന്തമ്മ പറഞ്ഞു.

‘‘കേസിന്റെ കാര്യം ചോദിച്ച് എത്രയോ പേർ ഈ വീട്ടിൽ കയറിയിറങ്ങി. പറഞ്ഞതു തന്നെ പറഞ്ഞു മടുത്തു. പ്രയോജനമൊന്നുമില്ല. ചാക്കോ കൊലക്കേസ് പ്രമേയമാക്കി സിനിമകൾ ഇറങ്ങി. കുറുപ്പിന് അപ്പോഴും താരപരിവേഷം! ചാക്കോയുടെ കുടുംബത്തിന്റെ മാനസികാവസ്ഥ ആർക്കും അറിയേണ്ട’’– വിതുമ്പുന്ന അമ്മയെ ചേർത്തണച്ചു ജിതിൻ ചാക്കോ പറഞ്ഞു. അച്ഛനെ കാണാൻ ഭാഗ്യമില്ലാതെ പോയ മകന്റെ പ്രായമാണ് ആ കേസിനും– 40 വയസ്സ്.
അന്വേഷണം നിലച്ച അവസ്ഥ
8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22 ന് ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകം. ബന്ധുവായ ഭാസ്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, തന്റെ സുഹൃത്തായ ചാവക്കാട് സ്വദേശി ഷാഹു എന്നിവരുമായി ചേർന്നാണു കുറുപ്പ് ആ കൃത്യം നടത്തിയത്. ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോയെ തന്റെ കാറിനുള്ളിലിട്ടു തീവച്ചു കൊലപ്പെടുത്തി. കുറുപ്പിന്റെ ഏകദേശ രൂപമായിരുന്നു ചാക്കോയ്ക്ക്. താനാണു കൊല്ലപ്പെട്ടതെന്നു വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് കണ്ടെത്തി. കേസിലെ ബാക്കി പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. കുറുപ്പിനെ മാത്രം കിട്ടിയില്ല.

അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. എങ്കിലും പ്രായം കൂടുന്നത് അനുസരിച്ചുള്ള കുറുപ്പിന്റെ സാങ്കൽപിക ചിത്രം പൊലീസ് മാറ്റിവരച്ചു കൊണ്ടിരുന്നു. ഇന്റർപോളിനും കൈമാറി. ഫലമുണ്ടായില്ല.

English Summary:

Today marks 40 years since the disappearance of Sukumarakurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com