മഹാരാജാസ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി

Mail This Article
കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിലെ തുടർസംഘർഷങ്ങൾക്കിടെ പ്രിൻസിപ്പൽ ഡോ. വി.എസ്.ജോയെ സ്ഥലംമാറ്റി. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണു മാറ്റം.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എഴുതാത്ത പരീക്ഷയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ച സംഭവത്തിലും പ്രിൻസിപ്പലിനെ പ്രതിസ്ഥാനത്തു നിർത്തിയിരുന്നു. അതേസമയം, സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളജിൽ അക്രമം തുടരുന്നു. കോളജിന്റെ എംസിആർവി ഹോസ്റ്റലിലെ കെഎസ്‌യു പ്രവർത്തകർ താമസിക്കുന്ന മുറികളിൽ അതിക്രമിച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതായി പരാതി.
മുറികൾക്കുള്ളിലെ ഉപകരണങ്ങൾ അടിച്ചു തകർക്കുകയും തുണികൾക്കും സർട്ടിഫിക്കറ്റുകൾക്കുമുൾപ്പെടെ തീയിടുകയും ചെയ്തതായാണു കെഎസ്‌യു ആരോപണം. കെഎസ്‍യുവിന്റെ യൂണിറ്റ് പ്രസിഡന്റിന്റെ മുറിയാണ് അടിച്ചു തകർത്തു തീയിട്ടത്. ദേശീയതലത്തിൽ വരെ മത്സരിച്ചിട്ടുള്ള കായികതാരമായ ജുനൈസ് എന്ന വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകളാണ് ആ മുറിയിൽ സൂക്ഷിച്ചിരുന്നത്. അധ്യാപകനെ ആക്രമിച്ചതടക്കം അടുത്തിടെ കോളജിലുണ്ടായ അക്രമങ്ങൾക്കു പിന്നിൽ കെഎസ്‌യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ, ഈ സംഘർഷങ്ങൾക്കിടെ ആശുപത്രി പരിസരത്തു കെഎസ്‌യു പ്രവർത്തകരെ ആംബുലൻസിൽ കയറി എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു കെഎസ്‌യു ഇന്നലെ രംഗത്തെത്തിയത്.
സംഘർഷമുണ്ടാകുമ്പോൾ സ്ഥലത്തു പോലുമില്ലാതിരുന്ന കെഎസ്‌യു നേതാവ് അമൽ ടോമിയെ എസ്എഫ്‍ഐക്കാർ ക്രൂരമായി മർദിച്ചും വെട്ടിയും പരിക്കേൽപിച്ചെന്നും അമലിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കെഎസ്‌യു ഭാരവാഹികൾ പറഞ്ഞു. ഹോസ്റ്റൽ മുറിയിൽ തീയിട്ട സംഭവത്തിൽ ഇ–മെയിൽ മുഖേന സെൻട്രൽ പൊലീസിനു പരാതി നൽകിയെന്നാണു കെഎസ്‌യു പറയുന്നതെങ്കിലും ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ഇൻസ്പെക്ടർ അനീഷ് ജോയി പറഞ്ഞു.