ADVERTISEMENT

കോട്ടയം ∙ വന്യജീവികളുടെ സംരക്ഷണ യജ്ഞവുമായി വനംവകുപ്പ്. വംശനാശം നേരിടുന്ന അണ്ണാറക്കണ്ണന്മാരുടെ സുരക്ഷയ്ക്കായി കേരളത്തിലെ കാടുകളിൽ ആകാശപ്പാത (തൂക്കുപാലം) നിർമിക്കുന്നതാണ് ഇതിൽ ആദ്യഘട്ടം. വനം വകുപ്പിനായി മൂന്നാർ ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ തിരുവാതുക്കൽ വനജ്യോത്സനയിൽ ഡോ.ജി.പ്രസാദ് സംവിധാനം ചെയ്ത ബോധവൽക്കരണ ഡോക്യുമെന്ററിയുടെ പ്രചോദനത്തിലാണ് പദ്ധതി വ്യാപകമാക്കിയത്. സത്യജിത് റേ രാജ്യാന്തര ഡോക്യുമെന്ററി, ഷോർട് ഫിലിം ഫെസ്റ്റിവലിൽ വനംവകുപ്പിനു പുരസ്കാരവും ലഭിച്ചു. 

വനപ്രദേശങ്ങളിൽ വാഹനങ്ങളുടെ അടിയിൽപെട്ട് മലയണ്ണാൻ ഉൾപ്പെടെയുള്ള ജീവികൾ കൂടുതലായി ചത്തു പോകുന്നതു ശ്രദ്ധയിൽപെട്ടതോടെ പരീക്ഷണാർഥം മുൻപ് ചിലയിടങ്ങളിൽ തൂക്കുപാലം നിർമിച്ചിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ആകാശപ്പാത സജ്ജീകരിച്ചത്. ചാമ്പൽ മലയണ്ണാനും ഹനുമാൻ കുരങ്ങുകൾക്കും വേണ്ടി മറയൂർ – ഉദുമൽപേട്ട റോഡിലാണ് മുളകൊണ്ടുള്ള മേൽപാലങ്ങൾ  വനംവകുപ്പ് നിർമിച്ചത്. ചിന്നാർ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും കേന്ദ്ര – സംസ്ഥാന പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ പഠനവും പദ്ധതി വ്യാപിപ്പിക്കുന്നതിനു ഗുണകരമായി. 

chembal-malayannan
ചിന്നാർ വന്യജീവി സങ്കേതത്തിലെ ചാമ്പൽ മലയണ്ണാൻ.

ഇല്ലിക്കമ്പും മുളയും കാട്ടുവള്ളികളും കയറും ഉപയോഗിച്ചാണ് ആകാശപ്പാതകൾ നിർമിക്കുക. മലയണ്ണാനു പുറമേ, കുരങ്ങുകൾ, കുട്ടിത്തേവാങ്ക്, മരപ്പട്ടി, വെരുക് എന്നിവയ്ക്കെല്ലാം മരത്തിൽ നിന്നു താഴെ ഇറങ്ങാതെ റോഡുകൾ മറികടക്കുന്നതിനു സഹായകരമായവിധം പ്രത്യേകമായിട്ടാണ് ആകാശപ്പാത നിർമിക്കുന്നത്. 
മലയണ്ണാൻ സംരക്ഷിത ജീവി
∙ വനംവകുപ്പ് ഏറ്റവും വിലപ്പെട്ട സംരക്ഷിത ജീവിയായിട്ടാണ് മലയണ്ണാനെ കരുതുന്നത്. നെയ്യാറിലെ സിംഹ സഫാരി പാർക്കിലേക്ക് ഗുജറാത്തിലെ സക്കർ ബാഗ് മൃഗശാലയിൽ നിന്ന് 2019 ൽ രണ്ട് സിംഹക്കുട്ടികളെ കൊണ്ടുവന്നപ്പോൾ കേരളത്തിൽ നിന്നു പകരം നൽകിയത് 2 മലയണ്ണാനെയാണ്. - ഡി.ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ 

g-prasad-d-jayaprasad
1) ജി. പ്രസാദ് 2) ഡി.ജയപ്രസാദ്
English Summary:

National Squirrel Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com