ADVERTISEMENT

തിരുവനന്തപുരം∙ ഹ്രസ്വകാലത്തേക്കു കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനു പകരം മാർഗം കണ്ടെത്താൻ കെഎസ്ഇബിക്കു കഴിഞ്ഞിട്ടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (ഇആർസി). നിർമിത ബുദ്ധിയും ഡേറ്റ അനാലിസിസും പോലുള്ള വിദ്യകളിലൂടെ ഇക്കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കാൻ സംവിധാനം വേണം. ഇത്തവണ ഹ്രസ്വകാല വൈദ്യുതി വാങ്ങാൻ നൽകിയ റിപ്പോർട്ടിൽ ഓരോ ദിവസവും ഏതൊക്കെ സമയത്ത് കൂടുതൽ വൈദ്യുതി വേണ്ടി വരുമെന്ന് മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്തുള്ള പട്ടികയോ ചാർട്ടോ കെഎസ്ഇബി സമർപ്പിച്ചില്ല. ഇനി മുതൽ ഇത്തരം വിവരങ്ങൾ റിപ്പോർട്ടിൽ വേണമെന്നും നിർദേശിച്ചു.

ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന സാഹചര്യത്തിൽ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. യൂണിറ്റിന് 8.69 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ അദാനി എന്റർപ്രൈസസ്, ടാറ്റ പവർ ട്രേഡിങ് കമ്പനി, പിടിസി ഇന്ത്യ എന്നീ കമ്പനികളാണ് ടെൻഡർ നൽകിയത്. 

ഏപ്രിലിൽ പ്രതിദിനം 1.13 കോടി, മേയിൽ 1.35 കോടി യൂണിറ്റ് വീതം അധിക വൈദ്യുതി വേണ്ടി വരും. ജൂൺ–സെപ്റ്റംബർ കാലയളവിൽ വൈദ്യുതി മടക്കി നൽകാമെന്ന കരാറിന് ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെയാണ് 2 മാസത്തെ വൈദ്യുതിക്കായി ടെൻഡർ ക്ഷണിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വൈദ്യുതി വില വർധിച്ചാൽ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടേണ്ടി വരുമെന്നു കെഎസ്ഇബി അറിയിച്ചു. 

തിരഞ്ഞെടുപ്പ് നടക്കുന്നത് വൈദ്യുതി ഉപയോഗം കൂടാൻ കാരണമാകും. 2023 നെ അപേക്ഷിച്ച് ഇതേ കാലയളവിൽ 8% അധിക വൈദ്യുതി വേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ധനകാര്യ ബിഡ് അംഗീകരിച്ച ശേഷം വൈദ്യുതി വാങ്ങുന്നതിനു കമ്മിഷനെ സമീപിക്കാൻ 35 ദിവസം അനാവശ്യമായി വൈകിയെന്നും കമ്മിഷൻ വിമർശിച്ചു. ഉപഭോക്താക്കൾക്കു ദിവസം മുഴുവൻ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാകാൻ വിഭവ പര്യാപ്തത പദ്ധതി ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണം. ഇനി മുതൽ എല്ലാ ജനുവരിയിലും ജൂലൈയിലും ഈ പദ്ധതി സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

English Summary:

Regulatory Commission Criticises KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com