ADVERTISEMENT

കൊച്ചി∙ പരിസ്ഥിതി പ്രശ്നങ്ങളും മലിനീകരണ വിപത്തും മറച്ചുവച്ചു കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയ– ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസ് കമ്പനികാര്യ നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസാണ് (എസ്എഫ്ഐഒ) അന്വേഷിക്കേണ്ടതെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി എക്സാലോജിക്കിനെ അടക്കം പ്രതിക്കൂട്ടിൽ നിർത്തുന്ന, സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെടുന്ന കേസിൽ ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡും (ഐഎസ്ബി) അന്വേഷണം എസ്എഫ്ഐഒക്കു കൈമാറണമെന്നാണു ശുപാർശ ചെയ്തത്.

ഈ കേസ്, കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ (ഇ.ഡി.) അഴിമതിനിരോധന വകുപ്പു പ്രകാരം സിബിഐയോ അന്വേഷിക്കണമെന്ന ബെംഗളൂരുവിലെ കമ്പനി റജിസ്ട്രാറിന്റെ ശുപാർശ സുപ്രീംകോടതിയുടെ നിർദേശപ്രകാരം നിലനിൽക്കുന്നതല്ല. എസ്എഫ്ഐഒ കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ മറ്റ് ഏജൻസികളൊന്നും സമാന്തര അന്വേഷണം നടത്തരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് എഫ്എഫ്ഐഒ പ്രവർത്തിക്കുന്നത്.

ഷോൺ ജോർജ് ഉപഹർജി നൽകി

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ കേന്ദ്ര കോർപറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഹർജിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി. കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണു പുതുച്ചേരി റജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏൽപിച്ചത്. എന്നാൽ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപഹർജി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം വേണമെന്നാണു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്എഫ്ഐഒ അന്വേഷിച്ചാൽ സിബിഐയും ഇ.ഡിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്നാണു വാദം.

English Summary:

CMRL cash transfer: Case to be investigated by SFIO itself says Legal experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com