ADVERTISEMENT

കൊച്ചി ∙ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായി ലഭിക്കുന്ന കോടികളുടെ ഫണ്ട് സംസ്ഥാനത്തെ കോർപറേഷനുകൾ പാഴാക്കുന്നു. 2022–23 ൽ കേന്ദ്രഗ്രാന്റായി ലഭിച്ച 373.71 കോടി രൂപയിൽ ചെലവഴിച്ചത് 120.53 കോടി രൂപ മാത്രം (32%). 253.18 കോടി രൂപയാണു നഷ്ടപ്പെടുത്തിയത്. കോർപറേഷനു സമീപമുള്ള നഗരസഭകളെ കൂടി ഉൾപ്പെടുത്തി നഗര സഞ്ചയങ്ങൾക്കുള്ള ഗ്രാന്റായി മാലിന്യ സംസ്കരണം, ശുചീകരണം, ശുദ്ധജല വിതരണം എന്നീ മേഖലകളിൽ ചെലവഴിക്കേണ്ട തുകയാണു വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത്. മാലിന്യപ്രശ്നം രൂക്ഷമായ നഗരങ്ങളിൽ പോലും ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നില്ല. പ്രോജക്ട് നിർവഹണത്തിൽ വീഴ്ചകളുണ്ടെന്നും 3–6 മാസം കാലാവധിയിൽ തീർക്കേണ്ട പല പദ്ധതികളും നീളുകയാണെന്നും കോർപറേഷനുകളുടെ 2022–23 ലെ ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം കോർപറേഷനിൽ നിശ്ചിത ആവശ്യത്തിനു നൽകുന്ന കേന്ദ്രഗ്രാന്റായ 38.22 കോടി രൂപയും ഹെൽത്ത് ഗ്രാന്റായി ലഭിച്ച 8.6 കോടി രൂപയും വിനിയോഗിച്ചില്ല. കൊച്ചി കോർപറേഷനു 2020–21 ൽ അനുവദിച്ച തുകയിൽ ചെലവഴിക്കാത്ത 22.25 കോടി രൂപ 2022–23 ൽ പുനരനുവദിച്ചിരുന്നു. ആരോഗ്യ മേഖലയിൽ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ തുടങ്ങാനായി 17.03 കോടി രൂപയും വകയിരുത്തി. ഇതു രണ്ടും വിനിയോഗിച്ചില്ല. ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നു ബയോമൈനിങ് മുടങ്ങിയതിനാൽ മാലിന്യ സംസ്കരണത്തിനു നീക്കിവച്ച തുകയും ലാപ്സായി. 2022–23 ൽ കോർപറേഷനുകൾക്കു ലഭിച്ച കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് (ചെലവഴിച്ച തുക ബ്രായ്ക്കറ്റിൽ): തിരുവനന്തപുരം: 91.38 കോടി (31.92 കോടി), കൊച്ചി: 67.25 കോടി (14.75 കോടി), കോഴിക്കോട്: 72.99 കോടി രൂപ (21.85 കോടി), തൃശൂർ: 58.72 കോടി (29.21 കോടി), കൊല്ലം: 38.59 കോടി (13.79 കോടി), കണ്ണൂർ: 44.78 കോടി (9.01 കോടി രൂപ). 

English Summary:

State corporations wasting crores of funds received as grants from Central Finance Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com