ADVERTISEMENT

തൃശൂർ ∙ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽപ്പെട്ട ഹൈ റിച്ച് കമ്പനിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ വെട്ടിച്ചു മുഖ്യപ്രതികൾ കടന്നു. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണു ഡ്രൈവർക്കൊപ്പം കാറിൽ പോയത്. സായുധസേനയ്ക്കൊപ്പമെത്തിയ ഇ.ഡി സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെ ഇവർ അതിവേഗം കടന്നുകളഞ്ഞെന്നാണു സൂചന. തങ്ങൾ എത്തുന്നതിനു മുൻപു തന്നെ റെയ്ഡ് വിവരമറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണു ഇ.ഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരം.

കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു രാവിലെ പത്തോടെ ഇ.ഡി റെയ്ഡിനെത്തിയത്. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നതു തിരിച്ചടിയായി. പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ സഹായത്തോടെ ഇ.ഡി സംസ്ഥാനമെങ്ങും വലവിരിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 1630 കോടി രൂപയാണെന്നു ചേർപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്. 

ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പു നടത്തിയെന്നും ക്രിപ്റ്റോ കറൻസി ഇടപാടുകളടക്കം വാഗ്ദാനം ചെയ്തു പണം തട്ടിയെന്നുമാണു കണ്ടെത്തൽ. 

English Summary:

Highrich accused escaped when Enforcement directorate came for conducting raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com