വനിതാ എപിപിയുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവ്

Mail This Article
പരവൂർ (കൊല്ലം) ∙ പരവൂർ മുൻസിഫ് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ടി.എ.ഷാജി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയ്ക്കാണ് അന്വേഷണച്ചുമതല. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ.അജിത്കുമാറിന്റെ ഭാര്യയായ അനീഷ്യയെ ഞായറാഴ്ച രാവിലെയാണു പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉന്നത ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവരിൽ ചിലരിൽനിന്നു കടുത്ത മാനസിക സമ്മർദം അനീഷ്യ നേരിട്ടുവെന്നു സൂചന നൽകുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
അവധിയെടുക്കാതെ ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ വിവരാവകാശ നിയമപ്രകാരം കൊല്ലത്തെ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫിസിൽ അപേക്ഷ ലഭിച്ചിരുന്നു. ഇതിനു പിന്നിൽ അനീഷ്യയാണെന്നു ചിലർ സംശയിച്ചു. ‘വിവരാവകാശം പിൻവലിക്കണം, ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്’ എന്നു ചിലർ ഭീഷണിപ്പെടുത്തിയതും മരിക്കുന്നതിനു തലേദിവസം എപിപിമാരുടെ യോഗത്തിൽ അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സിആർ) പരസ്യപ്പെടുത്തിയതും അവരെ മാനസികമായി തളർത്തിയെന്നും ബന്ധുക്കൾ പറയുന്നു.
കോടതികളിൽ കേസില്ലാത്ത (നോൺ എപിപി ഡേയ്സ്) ദിവസം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ ഓഫിസിൽ എത്തി കേസുകൾ പഠിക്കുകയും ഓഫിസ് ജോലികൾ ചെയ്യുകയും വേണമെന്നാണ് ചട്ടം. എന്നാൽ, ഇങ്ങനെ ഓഫിസിൽ എത്താതെ അടുത്ത ദിവസം എത്തി ചിലർ ഒപ്പിടുന്നത് അനീഷ്യ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചിലർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപണമുണ്ട്.