ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഞെരുക്കുന്നുവെന്നാരോപിച്ചു കേന്ദ്രസർക്കാരിനെതിരെ സമരത്തിനിറങ്ങാൻ തീരുമാനിച്ചിട്ടും നയപ്രഖ്യാപന പ്രസംഗത്തിൽ കാര്യമായി നോവിക്കാതെ സർക്കാർ. കഴിഞ്ഞ വർഷത്തെ നയപ്രഖ്യാപനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ പരാമർശിച്ചിരുന്നെങ്കിൽ, കരുവന്നൂരിലും കരിമണലിലും കിഫ്ബിയിലും കേന്ദ്ര ഏജൻസികൾ ചുറ്റിവരിഞ്ഞിട്ടും ഇത്തവണ ഒരു വാക്കും അവർക്കെതിരെയില്ല. കിഫ്ബിയെ കേന്ദ്രം ഞെരുക്കുന്നതിനെതിരെ കഴിഞ്ഞവർഷം പ്രകടിപ്പിച്ച രോഷവുമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രവിമർശനമുണ്ടെങ്കിലും പൊതിഞ്ഞു പറയാനും ശ്രദ്ധിച്ചു.

ദേശീയ പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ മുഗൾ ചരിത്രവും ഗാന്ധിജിയുടെ രക്തസാക്ഷിത്വവും മറ്റും എടുത്തുമാറ്റിയതിനെ ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇതുവരെ ഇടതുപക്ഷം വ്യാഖ്യാനിച്ചിരുന്നതെങ്കിൽ, എൻസിഇആർടിയുടെ സാധാരണ നടപടി മാത്രമായാണു നയപ്രഖ്യാപനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറെ ലാക്കാക്കി, നിയമസഭയുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നുകയറുന്നതിനെ കഴിഞ്ഞതവണ എതിർത്തെങ്കിൽ ഇത്തവണ സമാന സാഹചര്യം നിലനിൽക്കുമ്പോഴും എതിർപ്പില്ല. വർഗീയതയ്ക്കെതിരെ സർക്കാരിന്റെ നയവും നിലപാടും നയപ്രഖ്യാപനത്തിലില്ല. അഞ്ചുമാസത്തെ സാമൂഹിക ക്ഷേമപെൻഷൻ കുടിശികയാണെങ്കിലും ക്ഷേമപെൻഷൻ പദ്ധതി വിജയകരമായി നടപ്പാക്കുന്നുവെന്നാണ് അവകാശവാദം. മൂന്നുമാസം കുടിശികയായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കോടതി കയറിയെങ്കിലും ഈ പദ്ധതിയിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നതി‍ൽ സർക്കാരിനു സംശയമില്ല! കഴിഞ്ഞ തവണ സ്വപ്നപദ്ധതിയായി പരാമർശിച്ച സിൽവർലൈനിനെ ഇക്കുറി ‘വിട്ടുകളഞ്ഞു’. 

അതേസമയം, ഇനിയും ട്രാക്കിലാകാത്ത കെ ഫോൺ പദ്ധതിയിൽ 96% പുരോഗതി നേടിയെന്നാണു വാദം. രണ്ടരവർഷം ഭരിച്ച ഗതാഗതമന്ത്രിയുടെ ചെയ്തികളെ പുതിയ മന്ത്രി കൂടെക്കൂടെ തിരുത്തുന്നുണ്ടെങ്കിലും, 113 ഇലക്ട്രിക് ബസുകൾക്ക് അധിക ഓർഡർ നൽകിയതുൾപ്പെടെ മുൻമന്ത്രി ചെയ്തുവച്ചതെല്ലാം മികച്ചതാണെന്നു സർക്കാർ പറയുന്നു. എന്നാൽ എല്ലാമാസവും ശമ്പളവും പെൻഷനും മുടങ്ങുന്ന ജീവനക്കാരെക്കുറിച്ചു മൗനമാണ്. മാധ്യമസ്വാതന്ത്ര്യത്തിനായി കഴിഞ്ഞ വർഷം ആമുഖത്തിൽ ഒരു ഖണ്ഡിക നീക്കിവച്ചിരുന്നു. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കേസെടുക്കുന്ന ശൈലി തുടങ്ങിവച്ചതിനാലാകാം ഇത്തവണ മാധ്യമസ്വാതന്ത്ര്യത്തിനും നയപ്രഖ്യാപനത്തിൽ ഇടമില്ല.

കേന്ദ്രത്തിനെതിരെ കഴിഞ്ഞവർഷം

∙ ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു

∙ ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരമൂല്യങ്ങൾ, ഫെഡറലിസം എന്നിവ സംരക്ഷിക്കപ്പെടണം

∙ മത, ഭാഷാ മേഖലകളിലെ ആധിപത്യ പ്രവണത രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യത്തിനും തടസ്സം

∙ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഇടപെടൽ ശേഷി കുറയ്ക്കുന്നു

∙ കിഫ്ബി വായ്പ കടമെടുപ്പു പരിധിയിൽപെടുത്തിയതു കടമെടുപ്പുശേഷി കുറയ്ക്കും

∙ കേന്ദ്രത്തിനു ബാധകമാകാത്ത മാനദണ്ഡം സംസ്ഥാനത്തിനും ബാധകമാക്കരുത്

∙ സംസ്ഥാനങ്ങളുടെ നിയമനിർമാണ മേഖലകളിലേക്കു കടന്നുകയറുന്നതു സഹകരണ ഫെഡറൽ സംവിധാനത്തിനു നല്ലതല്ല

∙ അന്വേഷണ ഏജൻസികൾ പ്രഫഷനലിസത്തിൽനിന്നു വ്യതിചലിക്കുന്നു. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്

കേന്ദ്രത്തിനെതിരെ ഈ വർഷം

∙ സാമ്പത്തികകാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ അസമത്വമുണ്ട്. പണഞെരുക്കത്തിന് ഇതാണു കാരണം

∙ സംസ്ഥാനങ്ങൾ സ്രോതസ്സിന്റെ പരിമിതി മറികടന്നു ചെലവുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു

∙ ധനകാര്യ കമ്മിഷൻ അനുവദിക്കുന്ന നികുതി വിഹിതങ്ങളിലെ കുറവ് നിർബന്ധമായും ശ്രദ്ധിക്കേണ്ട വസ്തുതയാണ്

∙ ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും റവന്യൂ കമ്മി ഗ്രാന്റ് കുറച്ചതും ബജറ്റിനു പുറത്തെ കടമെടുപ്പിനു നിയന്ത്രണംവച്ചതും സംസ്ഥാനത്തെ ബാധിച്ചു

∙ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുന്നതിനു സുപ്രീംകോടതിയെ സമീപിക്കാൻ നിർബന്ധിതമായി

∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗ്രാന്റ് തടഞ്ഞുവയ്ക്കുന്നിൽ ആശങ്ക

∙ മുൻകാല പ്രാബല്യത്തോടെ വായ്പാപരിധി വെട്ടിക്കുറച്ചതു മൂലം പണഞെരുക്കം

English Summary:

Not a single word against central agencies in kerala government policy announcement speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com